
സങ്കീർത്തനങ്ങൾ 125
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
സങ്കീർത്തനം 125 ആശ്രയിക്കുന്ന ജനത്തെ ഇളകാത്ത സീയോൻപർവ്വതത്തോടും ചുറ്റുമുള്ള സംരക്ഷണത്തെ യെരൂശലേമിന്റെ മലകളോടും ഉപമിക്കുന്നു. അടിച്ചമർത്തുന്ന ഭരണം എന്നേക്കും നിലനിൽക്കുകയില്ല; നിഷ്കളങ്കതയെ പ്രോത്സാഹിപ്പിക്കുകയും വളഞ്ഞ വഴികളെ തള്ളിക്കളയുകയും ചെയ്ത്, സമാധാനത്തോടെ പ്രാർത്ഥന അവസാനിക്കുന്നു.
സീയോൻസ്ഥിരതസംരക്ഷണംസമാധാനം
1യഹോവയിൽ ആശ്രയിക്കുന്നവർ സീയോൻ പർവതംപോലെയാണ്, അത് ഇളകാതെ എന്നേക്കും നിലനിൽക്കുന്നു.
2പർവതങ്ങൾ ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതുപോലെ, യഹോവ ഇന്നും എന്നെന്നേക്കും തന്റെ ജനത്തെ വലയംചെയ്തിരിക്കുന്നു.
3നീതിനിഷ്ഠർ അധർമം പ്രവർത്തിക്കാൻ അവരുടെ കൈ നീട്ടാതിരിക്കേണ്ടതിന്, നീതിനിഷ്ഠരുടെ അവകാശഭൂമിയിൽ, ദുഷ്ടരുടെ ചെങ്കോൽ വാഴുകയില്ല.
4യഹോവേ, നല്ലയാളുകൾക്കും ഹൃദയപരമാർഥികൾക്കും നന്മചെയ്യണമേ.
5എന്നാൽ വക്രതയുടെ വഴികളിൽ തിരിയുന്നവരെ അധർമം പ്രവർത്തിക്കുന്നവരോടുകൂടെ യഹോവ പുറന്തള്ളും. ഇസ്രായേലിന്മേൽ സമാധാനം ഉണ്ടാകുമാറാകട്ടെ.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.