
സങ്കീർത്തനങ്ങൾ 98
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
ജാതികളുടെ മുമ്പിൽ പരസ്യമായി വെളിപ്പെട്ട അത്ഭുതകരമായ വിജയത്തെ സങ്കീർത്തനം 98 ആഘോഷിക്കുന്നു. കിന്നരങ്ങളും കാഹളങ്ങളും കടലുകളും നദികളും പർവതങ്ങളും, ലോകത്തെ നീതിയോടെ വിധിക്കുന്ന ന്യായമുള്ള ഭരണാധികാരിയെ സ്വാഗതം ചെയ്യുന്ന ഒരൊറ്റ ആനന്ദഗായകസംഘമായി മാറുന്നു.
പുതിയ പാട്ട്വിജയംസൃഷ്ടിന്യായം
1യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക; അവിടന്ന് അത്ഭുതകാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടത്തെ വലതുകരവും വിശുദ്ധഭുജവും അവിടത്തേക്ക് ജയം നേടിക്കൊടുത്തിരിക്കുന്നു.
2യഹോവ തന്റെ രക്ഷ വിളംബരംചെയ്തിരിക്കുന്നു അവിടത്തെ നീതി ജനതകൾക്കു വെളിപ്പെടുത്തിയിരിക്കുന്നു.
3അവിടന്ന് ഇസ്രായേൽഗൃഹത്തോടുള്ള തന്റെ സ്നേഹവും വിശ്വസ്തതയും ഓർത്തിരിക്കുന്നു; നമ്മുടെ ദൈവത്തിന്റെ രക്ഷയെ ഭൂമിയുടെ എല്ലാ അതിർത്തികളും ദർശിച്ചിരിക്കുന്നു.
4സർവഭൂമിയുമേ, യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക, ആഹ്ലാദാരവത്തോടെ അവിടത്തേയ്ക്ക് സ്തുതിപാടുക;
5കിന്നരത്തോടെ യഹോവയ്ക്ക് സ്തുതിഗീതം ആലപിക്കുക, കിന്നരത്തോടും സംഗീതാലാപനത്തോടുംതന്നെ,
6കാഹളംകൊണ്ടും കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളംകൊണ്ടും— രാജാവായ യഹോവയുടെമുമ്പിൽ ആനന്ദഘോഷം മുഴക്കുക.
7സമുദ്രവും അതിലുള്ള സമസ്തവും മാറ്റൊലി മുഴക്കട്ടെ, ഭൂമിയും അതിലധിവസിക്കുന്ന സകലതുംതന്നെ.
8നദികൾ കരഘോഷം മുഴക്കട്ടെ, മാമലകൾ ഒന്നുചേർന്ന് ആനന്ദകീർത്തനം ആലപിക്കട്ടെ;
9അവ യഹോവയുടെ സന്നിധിയിൽ ഗാനം ആലപിക്കട്ടെ; അവിടന്നു ഭൂമിയെ ന്യായംവിധിക്കാൻ വരുന്നല്ലോ. അവിടന്ന് ലോകത്തെ നീതിയോടും ജനതകളെ ന്യായപൂർവമായും വിധിക്കും.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.