
സങ്കീർത്തനങ്ങൾ 96
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
പുതിയ പാട്ടു പാടാനും ശക്തിയില്ലാത്ത വിഗ്രഹങ്ങളെ തള്ളാനും വഴിപാടുകൾ കൊണ്ടുവരാനും ദൈവിക ശോഭ പ്രഖ്യാപിക്കാനും സകല ജനങ്ങളെയും സങ്കീർത്തനം 96 വിളിക്കുന്നു. ലോകം മുഴുവനും നീതിയുള്ള ന്യായവിധി അടുത്തുവരുന്നതിനാൽ കടലും വയലുകളും വനങ്ങളും ആ സന്തോഷത്തിൽ ചേരുന്നു.
സ്തുതിജാതികൾസൃഷ്ടിന്യായവിധി
1യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക; സർവഭൂമിയുമേ, യഹോവയ്ക്കു പാടുക.
2യഹോവയ്ക്കു പാടുക, തിരുനാമത്തെ വാഴ്ത്തുക; അനുദിനം അവിടത്തെ രക്ഷയെ പ്രഖ്യാപിക്കുക.
3രാഷ്ട്രങ്ങൾക്കിടയിൽ അവിടത്തെ മഹത്ത്വം വിളംബരംചെയ്യുക, സകലജനതകൾക്കുമിടയിൽ അവിടത്തെ അത്ഭുതപ്രവൃത്തികളും.
4കാരണം യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്; സകലദേവന്മാരെക്കാളും അവിടത്തെ ഭയപ്പെടേണ്ടതാകുന്നു.
5ഇതര ജനതകളുടെ ദേവന്മാരെല്ലാം വിഗ്രഹങ്ങളാണല്ലോ, എന്നാൽ യഹോവ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു!
6പ്രതാപവും മഹിമയും തിരുമുമ്പിലുണ്ട്; ബലവും മഹത്ത്വവും അവിടത്തെ വിശുദ്ധമന്ദിരത്തിലുമുണ്ട്.
7രാഷ്ട്രങ്ങളിലെ എല്ലാ കുലങ്ങളുമേ, യഹോവയ്ക്കു കൊടുക്കുക, മഹത്ത്വവും ശക്തിയും യഹോവയ്ക്കു കൊടുക്കുക.
8യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക; തിരുമുൽക്കാഴ്ചയുമായി അവിടത്തെ ആലയാങ്കണത്തിലേക്കു വരിക.
9യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക. സകലഭൂതലവുമേ, യഹോവയുടെമുമ്പിൽ നടുങ്ങുക.
10“യഹോവ വാഴുന്നു,” എന്ന് ജനതകൾക്കിടയിൽ ഘോഷിക്കുക. ഇളക്കംതട്ടാത്തവിധം ഭൂലോകം ഉറച്ചുനിൽക്കുന്നു; അവിടന്ന് ജനതകളെ നീതിപൂർവം ന്യായംവിധിക്കും.
11ആകാശം ആഹ്ലാദിക്കട്ടെ, ഭൂമി ഉല്ലസിക്കട്ടെ; സമുദ്രവും അതിലുള്ള സകലതും മാറ്റൊലികൊള്ളട്ടെ.
12വയലേലകളും അതിലുള്ള സമസ്തവും ആഹ്ലാദാരവം മുഴക്കട്ടെ; സകലവനവൃക്ഷങ്ങളും ആനന്ദഗാനം ആലപിക്കട്ടെ.
13യഹോവ എഴുന്നള്ളുന്നു; സകലസൃഷ്ടിയും തിരുമുമ്പിൽ ആനന്ദിക്കട്ടെ. അവിടന്ന് ഭൂമിയെ ന്യായംവിധിക്കുന്നതിനായി വരുന്നു, അവിടന്ന് ലോകത്തെ നീതിയിലും ജനതകളെ തന്റെ വിശ്വസ്തതയിലും ന്യായംവിധിക്കും.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.