
സങ്കീർത്തനങ്ങൾ 95
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
രക്ഷയുടെ പാറയ്ക്കു ഉത്സാഹത്തോടെ പാടിക്കൊണ്ടും സ്രഷ്ടാവിന്റെയും ഇടയന്റെയും മുമ്പിൽ വിനയത്തോടെ ആരാധിച്ചുകൊണ്ടും സങ്കീർത്തനം 95 ആരംഭിക്കുന്നു. മരുഭൂമിയെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പോടെ അതു അവസാനിക്കുന്നു: കൃതജ്ഞതയുള്ള ശബ്ദങ്ങളോടു കേൾക്കുന്നതും പ്രതികരിക്കുന്നതുമായ ഹൃദയങ്ങൾ ചേരണം.
ആരാധനഇടയൻഅനുസരണംമുന്നറിയിപ്പ്
1വരുവിൻ, നമുക്ക് യഹോവയ്ക്കൊരു ആനന്ദഗീതമാലപിക്കാം; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ഉച്ചത്തിൽ ആർപ്പിടാം.
2സ്തോത്രാർപ്പണത്തോടെ നമുക്ക് അവിടത്തെ സന്നിധിയിൽ വന്നുചേരാം സംഗീതത്തോടും പാട്ടോടുംകൂടെ അവിടത്തെ പുകഴ്ത്താം.
3കാരണം യഹോവ മഹാദൈവം ആകുന്നു, എല്ലാ ദേവന്മാരിലും ഉന്നതനായ മഹാരാജാവുതന്നെ.
4ഭൂമിയുടെ അഗാധതകൾ അവിടത്തെ കരങ്ങളിലാണ്, പർവതശിഖരങ്ങളും അവിടത്തേക്കുള്ളത്.
5സമുദ്രം അവിടത്തേക്കുള്ളത്, അവിടന്ന് അതിനെ നിർമിച്ചു, കരയെയും അവിടത്തെ കൈകൾ മെനഞ്ഞിരിക്കുന്നു.
6വരുവിൻ, നമുക്ക് വണങ്ങി ആരാധിക്കാം, നമ്മെ നിർമിച്ച യഹോവയുടെമുമ്പിൽ നമുക്കു മുട്ടുമടക്കാം.
7കാരണം അവിടന്ന് നമ്മുടെ ദൈവം ആകുന്നു നാം അവിടത്തെ മേച്ചിൽപ്പുറത്തെ ജനവും അവിടത്തെ കരുതലിൻകീഴിലുള്ള ആടുകളുംതന്നെ. ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ,
8“മെരീബയിൽവെച്ചു ചെയ്തതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്, അന്ന് മരുഭൂമിയിലെ മസ്സായിൽവെച്ച് ചെയ്തതുപോലെതന്നെ.
9അവിടെവെച്ച് നിങ്ങളുടെ പൂർവികർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തികൾ കണ്ടിട്ടും അവർ എന്റെ ക്ഷമ പരീക്ഷിച്ചു.
10നാല്പതു വർഷക്കാലം ആ തലമുറയോട് എനിക്കു കോപമുണ്ടായി; ‘അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനത, എന്റെ നിർദേശങ്ങൾ പാലിക്കാൻ മനസ്സില്ലാത്തവർ,’ എന്നു ഞാൻ പറഞ്ഞു.
11അതുകൊണ്ട് ‘അവർ ഒരിക്കലും എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല,’ എന്നു ഞാൻ എന്റെ കോപത്തിൽ ശപഥംചെയ്തു.”
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.