
സങ്കീർത്തനങ്ങൾ 65
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
ഉത്തരം ലഭിച്ച പ്രാർത്ഥനയെയും ക്ഷമിക്കപ്പെട്ട പാപത്തെയും ഭൂമിയോടുള്ള സ്രഷ്ടാവിന്റെ ഉദാരമായ കരുതലുമായി സങ്കീർത്തനം 65 ചേർക്കുന്നു. മഴ ഉഴവുചാലുകളെ മൃദുവാക്കുന്നു, ധാന്യം താഴ്വരകളെ നിറയ്ക്കുന്നു, ആട്ടിൻകൂട്ടങ്ങൾ മേച്ചിൽപ്പുറങ്ങളെ മൂടുന്നു, സമൃദ്ധമായ കരുതലിനു കീഴിൽ ഭൂപ്രകൃതി മുഴുവൻ പാടുന്നതുപോലെ തോന്നുന്നു.
ക്ഷമകരുതൽസൃഷ്ടിസ്തുതി
1ദൈവമേ, സീയോനിൽ സ്തുതി അങ്ങേക്ക് യോഗ്യം; അങ്ങേക്കുതന്നെ ഞങ്ങൾ നേർച്ചയർപ്പിക്കും.
2പ്രാർഥനയ്ക്ക് ഉത്തരമരുളുന്ന ദൈവമേ, സകലജനവും അങ്ങയുടെ അടുക്കലേക്കു വരും
3ഞങ്ങളുടെ പാപങ്ങൾ ഞങ്ങളെ മൂടിക്കളഞ്ഞെങ്കിലും അവിടന്ന് ഞങ്ങളുടെ അതിക്രമങ്ങൾ ക്ഷമിച്ചിരിക്കുന്നു.
4അങ്ങയുടെ വിശുദ്ധമന്ദിരാങ്കണത്തിൽ വസിക്കേണ്ടതിന് അങ്ങ് തെരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യർ അനുഗൃഹീതർ. അവിടത്തെ നിവാസസ്ഥാനമായ വിശുദ്ധമന്ദിരത്തിലെ നന്മകളാൽ ഞങ്ങൾ സംതൃപ്തരാകും.
5ഭൂമിയിലെ സകലസീമകൾക്കും വിദൂര സമുദ്രങ്ങൾക്കും പ്രത്യാശയായിരിക്കുന്ന ഞങ്ങളുടെ രക്ഷകനായ ദൈവമേ, അങ്ങ് അത്ഭുതകരമായ നീതിപ്രവൃത്തികളാൽ ഞങ്ങൾക്ക് ഉത്തരമരുളുന്നു.
6അവിടന്ന് ബലം അരയ്ക്കുകെട്ടിക്കൊണ്ട് അവിടത്തെ ശക്തിയാൽ പർവതങ്ങളെ ഉറപ്പിച്ചു.
7അവിടന്ന് സമുദ്രങ്ങളുടെ ഗർജനവും തിരമാലകളുടെ അലർച്ചയും രാഷ്ട്രങ്ങളുടെ കലഹവും ശമിപ്പിച്ചു.
8ഭൂമിയിലെല്ലായിടത്തും പാർക്കുന്ന ജനം അവിടത്തെ അത്ഭുതങ്ങൾനിമിത്തം വിസ്മയപ്പെടുന്നു; ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകളിൽനിന്ന് അവിടന്ന് ആനന്ദഗീതം ആലപിക്കുമാറാക്കുന്നു.
9അവിടന്ന് ഭൂമിയെ സന്ദർശിക്കുകയും അത് നനയ്ക്കുകയും ചെയ്യുന്നു; അവിടന്ന് അതിനെ അത്യന്തം ഫലപുഷ്ടമാക്കുന്നു. ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു; ഇങ്ങനെ അങ്ങ് ഭൂമിയെ ഒരുക്കി അവർക്കു ധാന്യംനൽകുന്നു.
10അങ്ങ് അതിന്റെ ഉഴവുചാലുകളെ നനയ്ക്കുന്നു; മഴയാൽ അങ്ങ് അതിനെ കുതിർക്കുകയും അതിന്റെ മുളയെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
11അങ്ങ് സംവത്സരത്തെ നന്മകൊണ്ട് കിരീടമണിയിക്കുന്നു, അവിടത്തെ പാതകൾ പുഷ്ടിപൊഴിക്കുന്നു.
12മരുഭൂമിയിലെ പുൽമേടുകൾ സമൃദ്ധിപൊഴിക്കുന്നു കുന്നുകൾ ആനന്ദം അണിഞ്ഞിരിക്കുന്നു.
13പുൽപ്പുറങ്ങളിൽ ആട്ടിൻപറ്റം നിറഞ്ഞിരിക്കുന്നു താഴ്വരകൾ ധാന്യംകൊണ്ട് മൂടിയിരിക്കുന്നു; അവർ ആനന്ദത്താൽ ആർക്കുകയും പാടുകയുംചെയ്യുന്നു.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.