Hidden conspirators prepare arrows and whisper accusations as light exposes their plot to the community

സങ്കീർത്തനങ്ങൾ 64

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
രഹസ്യ ഗൂഢാലോചനകളിൽനിന്നും അമ്പുകൾപോലെ മൂർച്ച കൂട്ടിയ ക്രൂരമായ സംസാരത്തിൽനിന്നും സങ്കീർത്തനം 64 സംരക്ഷണം ചോദിക്കുന്നു. തങ്ങളുടെ കെണികൾ ആരും കാണില്ലെന്നു ദുഷ്ടന്മാർ കരുതുന്നു; എന്നാൽ ന്യായം വരുമ്പോൾ അവരുടെ സ്വന്തം വാക്കുകൾ അവരെ വെളിപ്പെടുത്തുന്നു, നേരുള്ളവർ സന്തോഷിക്കുകയും അഭയം തേടുകയും ചെയ്യുന്നു.
സംരക്ഷണംന്യായംഗൂഢാലോചനഅഭയം
1എന്റെ ദൈവമേ, എന്റെ ആവലാതി ശ്രദ്ധിക്കണമേ; ശത്രുവിന്റെ ഭീഷണിയിൽനിന്നും എന്റെ ജീവനെ കാത്തുകൊള്ളണമേ.
2ദുഷ്ടരുടെ ഗൂഢതന്ത്രങ്ങളിൽനിന്നും അധർമികളുടെ ആരവാരങ്ങളിൽനിന്നും എന്നെ മറച്ചുകൊള്ളണമേ.
3അവർ അവരുടെ നാവ് വാൾപോലെ മൂർച്ചയുള്ളതാക്കുന്നു മാരകാസ്ത്രങ്ങൾപോലെ തങ്ങളുടെ വാക്കുകൾ തൊടുക്കുന്നു.
4നിരപരാധിക്കുനേരേ അവർ ഒളിഞ്ഞുനിന്ന് അസ്ത്രം തൊടുക്കുന്നു; ഭയംകൂടാതെ അതിവേഗം അവരെ ആക്രമിക്കുന്നു.
5അധർമം പ്രവർത്തിക്കുന്നതിൽ അവർ പരസ്പരം പ്രോത്സാഹിപ്പിക്കുന്നു, അവരുടെ കെണികൾ ഒളിപ്പിക്കുന്നതിനെപ്പറ്റിയവർ സംസാരിക്കുന്നു; “ആരതു കണ്ടുപിടിക്കും?” എന്ന് അവർ വീമ്പിളക്കുന്നു.
6അവർ അനീതി ആസൂത്രണംചെയ്തുകൊണ്ട് ഇപ്രകാരം പറയുന്നു: “നല്ലൊരുപായം നാം തയ്യാറാക്കിയിരിക്കുന്നു!” മാനവമനസ്സും ഹൃദയവും കുൽസിതംതന്നെ, നിശ്ചയം.
7എന്നാൽ ദൈവം തന്റെ അസ്ത്രങ്ങൾകൊണ്ട് അവരെ എയ്തുവീഴ്ത്തും; അതിവേഗത്തിലവർ നിലംപൊത്തും.
8അവിടന്ന് അവരുടെ സ്വന്തം നാവുതന്നെ അവർക്കെതിരേ തിരിക്കും, അങ്ങനെ അവർ നശിച്ചുപോകും; അവരെ കാണുന്നവരെല്ലാം നിന്ദാസൂചകമായി തലകുലുക്കും.
9സകലമനുഷ്യരും ഭയപ്പെട്ട്; ദൈവത്തിന്റെ പ്രവൃത്തികൾ പ്രസ്താവിക്കുകയും അവിടന്നു ചെയ്തതിനെക്കുറിച്ച് ആലോചനാനിമഗ്നരാകുകയും ചെയ്യും.
10നീതിനിഷ്ഠർ യഹോവയിൽ ആനന്ദിക്കുകയും അവർ അവിടത്തെ അഭയംപ്രാപിക്കുകയും ചെയ്യട്ടെ; ഹൃദയപരമാർഥതയുള്ള എല്ലാവരും അവിടത്തെ പുകഴ്ത്തട്ടെ!

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.

Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.