Rebellious rulers gather below a newly anointed king standing securely on Zion

സങ്കീർത്തനങ്ങൾ 2

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
ദൈവിക ഭരണത്തെ എതിർക്കുന്ന ജാതികളെയും സീയോനിൽ സുരക്ഷിതനായി നിൽക്കുന്ന ദൈവത്തിന്റെ അഭിഷിക്ത രാജാവിനെയും സങ്കീർത്തനം 2 ചിത്രീകരിക്കുന്നു. ദൈവിക അധികാരത്തിനു മുമ്പിൽ വ്യർത്ഥമായ ധിക്കാരത്തിനു പകരം ജ്ഞാനവും വിനീതമായ സേവനവും അഭയവും തിരഞ്ഞെടുക്കാൻ ഭൂമിയിലെ അധികാരികൾക്കു മുന്നറിയിപ്പു നൽകപ്പെടുന്നു.
രാജത്വംസീയോൻജാതികൾഅഭയം
1രാഷ്ട്രങ്ങൾ ഗൂഢാലോചന നടത്തുന്നതും ജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്?
2യഹോവയ്ക്കും അവിടത്തെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും ഭരണാധിപന്മാർ ഒന്നിച്ചണിനിരക്കുകയും ചെയ്യുന്നു.
3“നമുക്ക് അവരുടെ ചങ്ങലകൾ പൊട്ടിക്കാം അവരുടെ വിലങ്ങുകൾ എറിഞ്ഞുകളയാം!” എന്ന് അവർ പറയുന്നു.
4സ്വർഗത്തിൽ ഉപവിഷ്ടനായിരിക്കുന്നവൻ ചിരിക്കുന്നു; കർത്താവ് അവരെ പരിഹസിക്കുന്നു.
5തന്റെ കോപത്തിൽ അവിടന്ന് അവരെ ശാസിക്കുകയും തന്റെ ക്രോധത്താൽ അവിടന്ന് അവരെ പരിഭ്രാന്തരാക്കുകയും ചെയ്യുന്നു.
6“ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു, സീയോനിൽ എന്റെ വിശുദ്ധപർവതത്തിൽത്തന്നെ,” എന്നു കർത്താവ് അരുളിച്ചെയ്യുന്നു.
7യഹോവയുടെ ഉത്തരവുകൾ ഞാൻ പുറപ്പെടുവിക്കുന്നു: അവിടന്ന് എന്നോട് കൽപ്പിച്ചു, “നീ എന്റെ പുത്രനാകുന്നു; ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു.
8എന്നോടു ചോദിച്ചുകൊള്ളുക, ഞാൻ രാഷ്ട്രങ്ങൾ നിനക്കു പൈതൃകാവകാശമായും ഭൂമിയുടെ അതിരുകൾ നിനക്ക് അധീനമായും നൽകും.
9ഇരുമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; കളിമൺ പാത്രക്കഷണങ്ങൾപോലെ നീ അവരെ ഛിന്നഭിന്നമാക്കും.”
10അതുകൊണ്ട് രാജാക്കന്മാരേ, വിവേകികളാകുക; ഭൂമിയിലെ ഭരണാധിപരേ, ബുദ്ധിപഠിക്കുക.
11ഭയഭക്തിയോടെ യഹോവയെ സേവിക്കുകയും വിറയലോടെ ആനന്ദിക്കുകയും ചെയ്യുക.
12അവിടന്നു കോപാകുലനായി, മാർഗമധ്യേ നിങ്ങൾ നശിച്ചുപോകാതിരിക്കാൻ പുത്രനെ ചുംബിക്കുക, കാരണം അവിടത്തെ ക്രോധം ക്ഷണത്തിൽ ജ്വലിക്കും അവിടത്തെ സന്നിധിയിൽ അഭയംപ്രാപിക്കുന്നവരെല്ലാം അനുഗൃഹീതർ.

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.

Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.