
സങ്കീർത്തനങ്ങൾ 120
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
സങ്കീർത്തനം 120 വ്യാജമുള്ള അധരങ്ങളെയും നാശകരമായ സംസാരത്തെയും കുറിച്ചുള്ള ഞെരുക്കത്തോടെ തീർത്ഥയാത്രാഗീതങ്ങൾ ആരംഭിക്കുന്നു. സമാധാനത്തിൽനിന്ന് അകലെ പാർക്കുന്ന ഗായകൻ, സമാധാനവാക്കുകൾക്ക് യുദ്ധംകൊണ്ട് മറുപടി പറയുന്ന അയൽക്കാർക്കിടയിൽ സത്യത്തിനും അനുരഞ്ജനത്തിനുമായി വാഞ്ഛിക്കുന്നു.
സത്യംസമാധാനംഞെരുക്കംതീർത്ഥയാത്ര
1എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിക്കുന്നു, അവിടന്ന് എനിക്ക് ഉത്തരമരുളുന്നു.
2യഹോവേ, വ്യാജംപറയുന്ന അധരങ്ങളിൽനിന്നും വഞ്ചനയുരുവിടുന്ന നാവിൽനിന്നും എന്നെ രക്ഷിക്കണമേ.
3വ്യാജമുള്ള നാവേ, ദൈവം നിന്നോട് എന്താണു ചെയ്യാൻപോകുന്നത്? ഇതിലധികം എന്തുവേണം?
4യോദ്ധാവിന്റെ മൂർച്ചയേറിയ അസ്ത്രത്താലും കട്ടിയേറിയ മരത്തിന്റെ കത്തുന്ന കനലിനാലും അവിടന്നു നിന്നെ ശിക്ഷിക്കും.
5ഞാൻ മേശെക്കിൽ അലഞ്ഞുതിരിയുന്നതിനാലും കേദാർ കൂടാരങ്ങൾക്കിടയിൽ അധിവസിക്കുന്നതിനാലും എനിക്ക് അയ്യോ കഷ്ടം!
6സമാധാനം വെറുക്കുന്നവരോടൊപ്പം ഞാൻ വളരെക്കാലമായി താമസിച്ചുവരുന്നു.
7ഞാൻ ഒരു സമാധാനകാംക്ഷിയാണ്; ഞാൻ അതേപ്പറ്റി സംസാരിക്കുമ്പോൾ അവർ യുദ്ധത്തിനായൊരുങ്ങുന്നു.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.