Families cross between receding waters as mountains rise and fresh water pours from rock

സങ്കീർത്തനങ്ങൾ 114

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
പുറപ്പാടിനെയും ദേശത്തേക്കുള്ള പ്രവേശനത്തെയും സൃഷ്ടിയുടെ ഒരു തീവ്രമായ പ്രതികരണമായി സങ്കീർത്തനം 114 ചുരുക്കി അവതരിപ്പിക്കുന്നു. കടലും യോർദ്ദാനും പിൻവാങ്ങുന്നു, പർവതങ്ങൾ തുള്ളിച്ചാടുന്നു, അടിമകളായിരുന്ന ജനത്തെ വിശുദ്ധമന്ദിരമാക്കി മാറ്റുന്ന സാന്നിധ്യത്തിന്റെ മുമ്പിൽ പാറ വെള്ളമായി മാറുന്നു.
പുറപ്പാട്സൃഷ്ടിവിമോചനംസാന്നിധ്യം
1ഇസ്രായേൽ ഈജിപ്റ്റിൽനിന്നും യാക്കോബുഗൃഹം വിദേശഭാഷ സംസാരിക്കുന്ന ജനമധ്യത്തിൽനിന്നും പുറപ്പെട്ടപ്പോൾ,
2യെഹൂദാ ദൈവത്തിന്റെ വിശുദ്ധമന്ദിരവും ഇസ്രായേൽ അവിടത്തെ ആധിപത്യവും ആയിത്തീർന്നു.
3ചെങ്കടൽ അവർ വരുന്നതുകണ്ട് ഓടിപ്പോയി, യോർദാൻനദി പിൻവാങ്ങി;
4പർവതങ്ങൾ മുട്ടാടുകളെപ്പോലെയും മലകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടി.
5സമുദ്രമേ, നീ ഓടുന്നതെന്തിന്? യോർദാനേ, നീ പിൻവാങ്ങുന്നതെന്തിന്?
6പർവതങ്ങളേ, നിങ്ങൾ മുട്ടാടുകളെപ്പോലെയും മലകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടുന്നതെന്തിന്?
7ഭൂമിയേ, കർത്താവിന്റെ സന്നിധിയിൽ, യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽത്തന്നെ വിറയ്ക്കുക,
8അവിടന്ന് പാറയെ ജലാശയവും തീക്കൽപ്പാറയെ നീരുറവയും ആക്കിത്തീർത്തു.

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.

Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.