
സങ്കീർത്തനങ്ങൾ 113
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
സൂര്യോദയം മുതൽ അസ്തമയം വരെയും സ്വർഗ്ഗത്തിന്റെ ഉയരങ്ങളിൽനിന്നു സമൂഹത്തിന്റെ ഏറ്റവും താഴ്ന്ന ഇടങ്ങളിലേക്കും സങ്കീർത്തനം 113 സ്തുതിയെ വ്യാപിപ്പിക്കുന്നു. ദരിദ്രർക്കു മാന്യത ലഭിക്കുന്നു, എളിയവർ പ്രഭുക്കന്മാരുടെ കൂട്ടത്തിൽ ഇരിക്കുന്നു, മക്കളില്ലാത്ത സ്ത്രീ കുടുംബത്തിനുള്ളിൽ സന്തോഷിക്കുന്നു.
സ്തുതിമാന്യതദരിദ്രർകുടുംബം
1യഹോവയെ വാഴ്ത്തുക. അവിടത്തെ ദാസന്മാരേ, യഹോവയെ വാഴ്ത്തുക; യഹോവയുടെ നാമത്തെ വാഴ്ത്തുക.
2യഹോവയുടെ നാമം ഇന്നും എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ.
3സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെയുള്ള എല്ലായിടങ്ങളിലും യഹോവയുടെ നാമം വാഴ്ത്തപ്പെടട്ടെ.
4യഹോവ സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു, അവിടത്തെ മഹത്ത്വം ആകാശത്തിനുമീതേയും.
5ഉന്നതത്തിൽ സിംഹാസനസ്ഥനായിരുന്ന്, കുനിഞ്ഞ് ആകാശത്തിലുള്ളവയെയും
6ഭൂമിയിലുള്ളവയെയും കടാക്ഷിക്കുന്ന നമ്മുടെ ദൈവമായ യഹോവയെപ്പോലെ ആരാണുള്ളത്?
7അവിടന്ന് ദരിദ്രരെ പൊടിയിൽനിന്നുയർത്തുന്നു എളിയവരെ ചാരക്കൂമ്പാരത്തിൽനിന്നും;
8അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ, സ്വജനത്തിന്റെ അധിപതികളോടുകൂടെത്തന്നെ ഇരുത്തുന്നു.
9അവിടന്ന് വന്ധ്യയായവളെ മക്കളുടെ മാതാവാക്കി ആനന്ദത്തോടെ ഭവനത്തിൽ പാർപ്പിക്കുന്നു. യഹോവയെ വാഴ്ത്തുക.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.