
ഉത്തമഗീതം 7
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
കരകൗശലം, വയലുകൾ, ഗോപുരങ്ങൾ, ഈന്തപ്പനകൾ, ഫലം, വീഞ്ഞ് എന്നീ ചിത്രങ്ങളോടെ പ്രിയൻ യുവതിയുടെ സൗന്ദര്യം ആഘോഷിക്കുന്നു. താൻ അവനുള്ളവളെന്ന് അവൾ ആത്മവിശ്വാസത്തോടെ സ്ഥിരീകരിക്കുകയും അവന്റെ ആഗ്രഹം സ്വീകരിക്കുകയും ചെയ്യുന്നു. സ്നേഹം പങ്കിടാനുള്ള ഇടമായി അവർ ഒരുമിച്ചു നാട്ടിൻപുറവും ഗ്രാമങ്ങളും മുന്തിരിത്തോട്ടങ്ങളും പൂക്കളും തിരഞ്ഞെടുക്കുന്നു.
പരസ്പരാഗ്രഹംസൗന്ദര്യംസ്വന്തമാകൽഫലസമൃദ്ധിപങ്കിട്ട യാത്ര
1അല്ലയോ പ്രഭുകുമാരീ, പാദുകമണിഞ്ഞ നിന്റെ പാദങ്ങൾ എത്ര മനോഹരം! നിന്റെ തുടയുടെ ആകാരം സമർഥനായ ശില്പിയുടെ കരവിരുതിൽ കൊത്തിയെടുത്ത രത്നങ്ങൾപോലെയാണ്
2വീര്യമുള്ള ദ്രാക്ഷാരസം നിറഞ്ഞുതുളുമ്പുന്ന വൃത്താകാരമായ ചഷകംപോലെയാണ് നിന്റെ നാഭി. ശോശന്നപ്പുഷ്പങ്ങളാൽ വലയംചെയ്യപ്പെട്ട ഗോതമ്പുകൂമ്പാരംപോലെയാണ് നിന്റെ അരക്കെട്ട്
3നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം, ഇരട്ടപിറന്ന കലമാനുകൾക്കു സമം.
4ഒരു ദന്തഗോപുരംപോലെയാണ് നിന്റെ കണ്ഠം. ബാത്ത്-റബ്ബിം കവാടത്തിനരികെയുള്ള ഹെശ്ബോൻ തടാകങ്ങൾപോലെയാണ് നിന്റെ മിഴികൾ. ദമസ്കോസിലേക്ക് അഭിമുഖമായി നിൽക്കുന്ന ലെബാനോൻ ഗോപുരംപോലെയാണ് നിന്റെ നാസിക.
5നിന്റെ ശിരസ്സ് കർമേൽമലപോലെ മനോഹരമാണ്. നിന്റെ കാർകൂന്തൽ രാജകീയ ചിത്രത്തിരശ്ശീലപോലെയാണ്; രാജാവ് അതിന്റെ ചുരുളുകളാൽ ബന്ധനസ്ഥനായിത്തീർന്നിരിക്കുന്നു.
6എന്റെ പ്രിയേ, നീ എത്ര സുന്ദരി, നിന്റെ മനോഹാരിത എത്ര ആത്മഹർഷം പകരുന്നു!
7നിന്റെ ആകാരം പനയുടേതുപോലെ, നിന്റെ സ്തനങ്ങൾ അതിന്റെ കുലകൾപോലെയും.
8“ഞാൻ പനയിൽ കയറും; അതിലെ കുലകൾ ഞാൻ കൈയടക്കും,” എന്നു ഞാൻ പറഞ്ഞു. നിന്റെ സ്തനങ്ങൾ മുന്തിരിക്കുലകൾപോലെയും നിന്റെ നിശ്വാസഗന്ധം ആപ്പിൾഫലങ്ങളുടെ പരിമളംപോലെയും
9നിന്റെ വായ് മേത്തരമായ വീഞ്ഞുപോലെയും ആകട്ടെ. യുവതി ആ മുന്തിരിരസം എന്റെ പ്രിയനിലേക്ക് പ്രവഹിക്കട്ടെ, അധരങ്ങളിലൂടെയും ദന്തനിരകളിലൂടെയും മന്ദമായി ഒഴുകിയിറങ്ങട്ടെ.
10ഞാൻ എന്റെ പ്രിയനുള്ളവൾ, അവന്റെ ആഗ്രഹം എന്നിലേക്കാകുന്നു.
11എന്റെ പ്രിയാ, വരിക! നമുക്കു നാട്ടിൻപുറത്തേക്കുപോകാം, നമുക്ക് ഗ്രാമങ്ങളിൽച്ചെന്ന് രാപാർക്കാം.
12അതികാലത്തുതന്നെ നമുക്കു മുന്തിരിത്തോപ്പുകളിലേക്കുപോകാം— മുന്തിരിവള്ളികൾ പുഷ്പവതികളായോ എന്നും അവയുടെ പൂമൊട്ടുകൾ മിഴിതുറന്നോ എന്നും മാതളനാരകം പൂവിട്ടുവോ എന്നും നമുക്കുനോക്കാം— അവിടെവെച്ച് ഞാൻ എന്റെ പ്രേമം നിന്നിലേക്കു പകരാം.
13ദൂദായിപ്പഴം സുഗന്ധം വീശുന്നു, നമ്മുടെ വാതിൽക്കൽ സകലവിശിഷ്ടഫലങ്ങളുമുണ്ട്; എന്റെ പ്രിയാ, പുതിയതും പഴയതുമായതെല്ലാം ഞാൻ നിനക്കായി ശേഖരിച്ചുവെച്ചിരിക്കുന്നു.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.