
ഉത്തമഗീതം 6
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
പ്രിയൻ തോട്ടത്തിലേക്കു പോയെന്നു യുവതി അറിയുന്നു, അവർ പരസ്പരം സ്വന്തമെന്നു സ്ഥിരീകരിക്കുന്നു. രാജ്ഞിമാർക്കും കന്യകമാർക്കും ഇടയിലെ അവളുടെ സൗന്ദര്യത്തെയും അതുല്യതയെയും ഗംഭീരമായ പ്രഭയെയും അവൻ പുകഴ്ത്തുന്നു. തോട്ടം, ഉഷസ്സ്, ചന്ദ്രൻ, സൂര്യൻ, കൊടികൾ, മടങ്ങിവരുന്ന ശൂലേംകാരി എന്നിവ അദ്ധ്യായത്തിന്റെ പുതുക്കപ്പെട്ട അത്ഭുതത്തെ രൂപപ്പെടുത്തുന്നു.
പുനഃസമാഗമംപരസ്പരസ്വന്തംഅതുല്യതപ്രഭതോട്ടം
1സ്ത്രീകളിൽ അതിസുന്ദരീ, നിന്റെ പ്രിയൻ എവിടെപ്പോയിരിക്കുന്നു? നിന്റെ പ്രിയൻ ഏതുവഴിയേ തിരിഞ്ഞു, അവനെ തെരയാൻ നിന്നോടൊപ്പം ഞങ്ങളും ചേരട്ടെയോ?
2എന്റെ പ്രിയൻ അവന്റെ ഉദ്യാനത്തിലേക്ക്, സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്കുതന്നെ പോയിരിക്കുന്നു, തോട്ടത്തിൽ മേയിക്കുന്നതിനും ശോശന്നപ്പുഷ്പം ശേഖരിക്കുന്നതിനും പോയിരിക്കുന്നു.
3ഞാൻ എന്റെ പ്രിയന്റേതും എന്റെ പ്രിയൻ എന്റേതുമാകുന്നു; അവൻ ശോശന്നച്ചെടികൾക്കിടയിൽ മന്ദംമന്ദം നടക്കുന്നു.
4എന്റെ പ്രിയേ, നീ തിർസ്സാനഗരംപോലെതന്നെ സൗന്ദര്യമുള്ളവൾ, ജെറുശലേംപോലെ സൗന്ദര്യവതി, കൊടികളേന്തിയ സൈന്യംപോലെ രാജപ്രൗഢിയാർന്നവൾ.
5നിന്റെ കണ്ണ് എന്നിൽനിന്ന് പിൻവലിക്കുക; അവയെന്നെ കീഴടക്കുന്നു. ഗിലെയാദ് മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന കോലാട്ടിൻപറ്റംപോലെയാണ് നിന്റെ കാർകൂന്തൽ.
6രോമം കത്രിച്ച് കുളിച്ചുകയറിവരുന്ന ആട്ടിൻപറ്റംപോലെയാണ് നിന്റെ പല്ലുകൾ. അവയെല്ലാം ഇണക്കുട്ടികൾ; ഒന്നും ഒറ്റയായി കാണപ്പെടുന്നില്ല.
7മൂടുപടത്തിനുള്ളിലുള്ള നിന്റെ കപോലങ്ങൾ മാതളപ്പഴത്തിന്റെ പകുതിപോലെയാണ്.
8അറുപതു രാജ്ഞിമാരും എൺപതു വെപ്പാട്ടികളും അസംഖ്യം കന്യകമാരും അവിടെയുണ്ടല്ലോ;
9എന്നാൽ എന്റെ പ്രാവേ, എന്റെ അമലസുന്ദരിയായവൾ ഒരുവൾമാത്രം, അവളുടെ അമ്മയ്ക്ക് ഏകപുത്രിയായവൾ, അവളെ ചുമന്നവൾക്കേറ്റം പ്രിയങ്കരിതന്നെ. യുവതികൾ അവളെ കണ്ട് അനുഗൃഹീത എന്നഭിസംബോധനചെയ്തു; രാജ്ഞിമാരും വെപ്പാട്ടികളും അവളെ പുകഴ്ത്തി.
10അരുണോദയംപോലെ ശോഭിക്കുന്നോരിവൾ ആരാണ്? ചന്ദ്രികപോലെ സുമുഖി, സൂര്യനെപ്പോലെ പ്രഭാവതി, താരഗണങ്ങൾപോലെ പ്രസന്നവതി.
11ഞാൻ എന്റെ ബദാംവൃക്ഷത്തോപ്പിലേക്ക് ഇറങ്ങിച്ചെന്നു, താഴ്വരയിലെ പുതുമുകുളങ്ങൾ കാണാൻ, മുന്തിരിലതകൾ പുഷ്പിണികളായോ എന്നും മാതളനാരകം പൂത്തുലഞ്ഞോ എന്നും നോക്കുന്നതിനായിത്തന്നെ.
12ഈവക അനുഭൂതി ഞാൻ ആസ്വദിക്കുന്നതിനുമുമ്പേതന്നെ, എന്റെ അഭിലാഷം എന്നെ എന്റെ ജനത്തിന്റെ രാജകീയ രഥവ്യൂഹത്തിലേക്കെത്തിച്ചു.
13അല്ലയോ ശൂലേംകാരീ, മടങ്ങിവരിക മടങ്ങിവരിക; മടങ്ങിവരിക മടങ്ങിവരിക, ഞങ്ങൾ നിന്നെയൊന്നു കണ്ടുകൊള്ളട്ടെ! യുവാവ് മഹനയീമിലെ നൃത്തത്തെ വീക്ഷിക്കുന്നതുപോലെ ശൂലേംകാരിയെ നിങ്ങൾ എന്തിനു മിഴിച്ചുനോക്കുന്നു?
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.