
സങ്കീർത്തനങ്ങൾ 76
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
യെഹൂദയിൽ അറിയപ്പെടുന്നവനും യുദ്ധത്തിന്റെ എല്ലാ ആയുധങ്ങളെക്കാളും മഹത്വമുള്ളവനുമായ ദൈവത്തെ സങ്കീർത്തനം 76 ആഘോഷിക്കുന്നു. ഭരണാധികാരികളെ നിശ്ശബ്ദരാക്കുന്ന ഭീതിജനകമായ ശക്തി സമാധാനവും സ്ഥാപിക്കുന്നു; ഭയഭക്തിയോടെ നേർച്ചകൾ നിറവേറ്റാൻ അതു ആരാധകരെ ആകർഷിക്കുന്നു.
സമാധാനംന്യായവിധിആരാധനവിജയം
1ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; അവിടത്തെ നാമം ഇസ്രായേലിൽ മഹോന്നതമാണ്.
2അവിടത്തെ കൂടാരം ശാലേമിലും അവിടത്തെ നിവാസസ്ഥാനം സീയോനിലുമുണ്ട്.
3അവിടെവെച്ച് അവിടന്ന് മിന്നിപ്പറക്കുന്ന അസ്ത്രങ്ങളും യുദ്ധായുധങ്ങളായ പരിചയും വാളും തകർത്തുകളഞ്ഞു. സേലാ.
4അവിടന്ന് പ്രഭാപൂരിതനാണ്, വേട്ടയാടപ്പെടുന്ന മൃഗങ്ങൾ നിറഞ്ഞ കൊടുമുടികളെക്കാൾ പ്രതാപവാൻതന്നെ.
5പരാക്രമികൾ കൊള്ളയടിക്കപ്പെട്ടവരായി നിലംപതിച്ചിരിക്കുന്നു, അവർ അന്തിമനിദ്രയിൽ ആണ്ടുപോയിരിക്കുന്നു; പടയാളികളിൽ ആർക്കുംതന്നെ തങ്ങളുടെ കൈ ഉയർത്താൻ കഴിയാതെവന്നിരിക്കുന്നു.
6യാക്കോബിന്റെ ദൈവമേ, അവിടത്തെ ശാസനയാൽ, കുതിരകളും രഥങ്ങളും ഗാഢനിദ്രയിലാണ്ടുപോയി.
7ഭയപ്പെടുവാൻ യോഗ്യൻ അവിടന്നുമാത്രം. അവിടന്ന് കോപിക്കുമ്പോൾ തിരുമുമ്പിൽ ആർ നിവർന്നുനിൽക്കും?
8ദൈവമേ, ദേശത്തിലെ പീഡിതരെയെല്ലാം രക്ഷിക്കാൻ സ്വർഗത്തിൽനിന്ന് വിധി പ്രസ്താവിക്കാനായി
9അവിടന്ന് എഴുന്നേറ്റപ്പോൾത്തന്നെ ഭൂമി ഭയന്ന് സ്തംഭിച്ചുപോയി— സേലാ.
10മാനവജാതിക്കെതിരേയുള്ള അവിടത്തെ ക്രോധം അങ്ങയുടെ മഹത്ത്വം വർധിപ്പിക്കുന്നു, നിശ്ചയം, അവിടത്തെ ക്രോധം അതിജീവിക്കുന്നവർ സംയമികളായിത്തീരുന്നു.
11നിന്റെ ദൈവമായ യഹോവയ്ക്ക് നേർച്ചകൾ നേരുകയും അവ നിറവേറ്റുകയും ചെയ്യുക; അയൽദേശവാസികളായിരിക്കുന്ന എല്ലാവരും ഭയാർഹനായ അങ്ങേക്ക് കാഴ്ചകൾ കൊണ്ടുവരട്ടെ.
12അവിടന്ന് ഭരണാധികാരികളുടെ ആത്മാവിനെ തകർത്തുകളയുന്നു; ഭൂമിയിലെ രാജാക്കന്മാർ അവിടത്തെ ഭയപ്പെടുന്നു.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.