A boastful official threatens a family while a faithful man stands beside a green olive tree

സങ്കീർത്തനങ്ങൾ 52

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
ദ്രോഹത്തിലും വഞ്ചനയിലും കവർന്നെടുത്ത സുരക്ഷിതത്വത്തിലും വീമ്പിളക്കുന്ന ശക്തനായ ഒരു ഒറ്റുകാരനെ സങ്കീർത്തനം 52 നേരിടുന്നു. നാശകരമായ സംസാരം നിലനിൽക്കില്ല; വിശ്വസ്തനായ മനുഷ്യനാകട്ടെ ഉറച്ച ആശ്രയത്തിലൂടെയും കൃതജ്ഞതയോടെയുള്ള പരസ്യമായ സാക്ഷ്യത്തിലൂടെയും ഒലിവുവൃക്ഷംപോലെ വളരുന്നു.
വഞ്ചനആശ്രയംന്യായവിധിസ്തോത്രം
1സമർഥനായ യോദ്ധാവേ, നീ നിന്റെ അധർമത്തിൽ അഹങ്കരിക്കുന്നതെന്തിന്? ദൈവദൃഷ്ടിയിൽ നിന്ദിതനായിത്തീർന്ന നീ, ദിവസംമുഴുവനും അഹങ്കരിക്കുന്നതെന്തേ?
2വഞ്ചന വിതയ്ക്കുന്നവരേ, നിന്റെ നാവ് നാശം ആസൂത്രണംചെയ്യുന്നു; അതു മൂർച്ചയേറിയ ക്ഷൗരക്കത്തിപോലെയാണ്.
3നീ നന്മയെക്കാൾ തിന്മ ഇഷ്ടപ്പെടുന്നു സത്യം സംസാരിക്കുന്നതിനെക്കാൾ നിനക്കിഷ്ടം വ്യാജമാണ്. സേലാ.
4വഞ്ചനനിറഞ്ഞ നാവേ, നാശകരമായ എല്ലാ വാക്കുകളും നിനക്കിഷ്ടമാണ്!
5ദൈവം നിന്നെ നിത്യനാശത്തിലേക്കു വലിച്ചിഴയ്ക്കും, നിശ്ചയം: അവിടന്ന് നിന്നെ നിന്റെ കൂടാരത്തിൽനിന്നു പറിച്ചെടുത്ത് ചീന്തിക്കളയും; ജീവനുള്ളവരുടെ ദേശത്തുനിന്ന് അവിടന്ന് നിന്നെ വേരോടെ പിഴുതെറിയും. സേലാ.
6നീതിനിഷ്ഠർ അതുകണ്ടു ഭയപ്പെടും; നിന്നെ പരിഹസിച്ചുകൊണ്ട് അവർ ഇപ്രകാരം പറയും,
7“ദൈവത്തെ തന്റെ അഭയസ്ഥാനമായി കാണാതെ സ്വന്തം സമ്പൽസമൃദ്ധിയിൽ ആശ്രയിച്ചുകൊണ്ട് മറ്റുള്ളവരെ നശിപ്പിച്ച് ശക്തനായിത്തീർന്ന ആ മനുഷ്യൻ ഇതാ!”
8ഞാനോ, ദൈവഭവനത്തിൽ തഴച്ചുവളരുന്ന ഒരു ഒലിവുമരംപോലെയല്ലോ; ദൈവത്തിന്റെ അചഞ്ചലസ്നേഹത്തിൽ ഞാൻ എന്നുമെന്നും ആശ്രയിക്കുന്നു.
9അവിടത്തെ വിശ്വസ്തരുടെ സാന്നിധ്യത്തിൽ അങ്ങ് ചെയ്ത അനുഗ്രഹങ്ങളെയോർത്ത് എന്നെന്നും ഞാൻ അങ്ങേക്ക് സ്തോത്രാർപ്പണംചെയ്യും. അവിടത്തെ നാമത്തിൽ ഞാൻ പ്രത്യാശയർപ്പിക്കും അവിടത്തെ വിശ്വസ്തർക്കത് അനുയോജ്യമല്ലോ.

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.

Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.