
സങ്കീർത്തനങ്ങൾ 47
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
ദൈവം സകല ജാതികളുടെയും മേൽ വാഴുന്നതിനാൽ കൈകൊട്ടാനും ആർപ്പിടാനും വിവേകത്തോടെ പാടാനും സകല ജനങ്ങളെയും സങ്കീർത്തനം 47 ക്ഷണിക്കുന്നു. സിംഹാസനാരോഹണത്തിന്റെ ചിത്രങ്ങൾ ഉത്സാഹഭരിതമായ ആഘോഷത്തെ സാർവത്രിക പരമാധികാരവുമായും ജ്ഞാനമുള്ള സ്തുതിയുമായും ചേർക്കുന്നു.
രാജത്വംജാതികൾസ്തുതിപരമാധികാരം
1സകലജനതകളുമേ, കൈകൊട്ടുക; ആനന്ദഘോഷത്തോടെ ദൈവത്തിന് ആർപ്പിടുക.
2കാരണം അത്യുന്നതനായ യഹോവ ഭയങ്കരൻ, അവിടന്ന് സർവഭൂമിക്കും മഹാരാജാവുതന്നെ.
3അവിടന്ന് രാഷ്ട്രങ്ങളെ നമ്മുടെ കീഴിലും ജനതകളെ നമ്മുടെ കാൽക്കീഴിലുമാക്കി.
4അവിടന്ന് നമുക്കുവേണ്ടി നമ്മുടെ അവകാശഭൂമിയെ തെരഞ്ഞെടുത്തു, അവിടന്ന് സ്നേഹിച്ച യാക്കോബിന്റെ അഭിമാനത്തെത്തന്നെ. സേലാ.
5ആനന്ദഘോഷത്തോടെ ദൈവം ആരോഹണം ചെയ്തിരിക്കുന്നു, കാഹളനാദത്തോടെ യഹോവയും.
6ദൈവത്തിനു സ്തുതിപാടുക, സ്തുതിപാടുക; നമ്മുടെ രാജാവിനു സ്തുതിപാടുക, സ്തുതിപാടുക.
7കാരണം ദൈവം സർവഭൂമിക്കും രാജാവാകുന്നു; അവിടത്തേക്കൊരു സ്തുതിഗീതം ആലപിക്കുക.
8ദൈവം രാഷ്ട്രങ്ങളുടെമേൽ വാഴുന്നു; ദൈവം അവിടത്തെ വിശുദ്ധസിംഹാസനത്തിൽ ഉപവിഷ്ടനാകുന്നു.
9രാഷ്ട്രങ്ങളുടെ ശ്രേഷ്ഠർ അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒത്തുചേരുന്നു, കാരണം ഭൂമിയിലെ രാജാക്കന്മാരെല്ലാം ദൈവത്തിനുള്ളതാണ്; അവിടന്ന് ഏറ്റവും ഉന്നതനായിരിക്കുന്നു.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.