Nehemiah receiving news of Jerusalem's ruined walls before withdrawing in prayer at Susa

നെഹെമ്യാവ് 1

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
യെരൂശലേമിൽ അതിജീവിച്ചവർ കഷ്ടത്തിലാണെന്നും അതിന്റെ മതിലുകൾ തകർന്നുകിടക്കുന്നുവെന്നും യാത്രക്കാർ നെഹെമ്യാവിനോടു പറയുന്നു. അവൻ കരയുന്നു, ഉപവസിക്കുന്നു, യിസ്രായേലിന്റെ പാപം ഏറ്റുപറയുന്നു, ഉടമ്പടിവാഗ്ദത്തങ്ങൾ ഓർക്കുന്നു, രാജാവിന്റെ മുമ്പിൽ ദയ ലഭിക്കാൻ അപേക്ഷിക്കുന്നു.
പ്രാർത്ഥനഅനുകമ്പഏറ്റുപറച്ചിൽവിളി
1ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ വചനങ്ങൾ: ഇരുപതാമാണ്ടിൽ, കിസ്ളേവുമാസത്തിൽ ഞാൻ ശൂശൻ രാജധാനിയിൽ ആയിരിക്കുമ്പോൾ,
2എന്റെ സഹോദരന്മാരിൽ ഒരാളായ ഹനാനി യെഹൂദ്യയിൽനിന്ന് മറ്റുചില ആളുകളോടൊപ്പം വന്നു. പ്രവാസത്തിൽ നിന്നും അതിജീവിച്ച യെഹൂദരെക്കുറിച്ചും ജെറുശലേമിനെക്കുറിച്ചും ഞാൻ അവരോട് അന്വേഷിച്ചു.
3അവർ എന്നോടു പറഞ്ഞു: “പ്രവാസത്തിൽനിന്ന് അതിജീവിച്ചു പ്രവിശ്യയിൽ മടങ്ങി എത്തിയവർ വളരെ പ്രയാസവും അപമാനവും നേരിടുന്നു. ജെറുശലേമിന്റെ മതിലുകൾ ഇടിഞ്ഞുകിടക്കുന്നു; അതിന്റെ കവാടങ്ങൾ അഗ്നിക്കിരയായി.”
4ഈ കാര്യങ്ങൾ കേട്ടപ്പോൾ ഞാൻ ഇരുന്നു കരഞ്ഞു; ഏതാനും ദിവസം, ദുഃഖിച്ചും ഉപവസിച്ചും ചെലവഴിക്കുകയും സ്വർഗത്തിലെ ദൈവത്തോട് ഇപ്രകാരം പ്രാർഥിക്കുകയും ചെയ്തു.
5ഞാൻ പറഞ്ഞു: “സ്വർഗത്തിലെ ദൈവമായ യഹോവേ, തന്നെ സ്നേഹിച്ച് തന്റെ കൽപ്പനകൾ പാലിക്കുന്നവർക്കു തന്റെ സ്നേഹത്തിന്റെ ഉടമ്പടി നിലനിർത്തുന്ന വലിയവനും ഭയങ്കരനുമായ ദൈവമേ,
6അവിടത്തെ സേവകരായ ഇസ്രായേൽജനതയ്ക്കുവേണ്ടി, ഇപ്പോൾ രാവും പകലും അവിടത്തെ മുമ്പാകെ പ്രാർഥിച്ച്, ഇസ്രായേൽജനമായ ഞങ്ങൾ അങ്ങേക്കെതിരേ ചെയ്ത പാപങ്ങൾ ഏറ്റുപറയുന്ന അടിയന്റെ പ്രാർഥന കേൾക്കാൻ അവിടത്തെ ചെവി ശ്രദ്ധിച്ചും കണ്ണുതുറന്നും ഇരിക്കണമേ. ഞാനും എന്റെ പിതൃഭവനവും പാപംചെയ്തിരിക്കുന്നു,
7ഞങ്ങൾ അങ്ങയോടു കഠിനമായി പാപംചെയ്തു; അങ്ങയുടെ ദാസനായ മോശയോടു കൽപ്പിച്ച കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും ഞങ്ങൾ പാലിച്ചിട്ടില്ല.
8“ ‘നിങ്ങൾ അവിശ്വസ്തരായാൽ ഞാൻ നിങ്ങളെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ചുകളയും;
9എന്നാൽ നിങ്ങൾ എന്റെ അടുത്തേക്കു മടങ്ങി എന്റെ കൽപ്പനകൾ പാലിച്ച്, അവ അനുസരിച്ചാൽ, നിങ്ങളിൽനിന്നു ചിതറിപ്പോയവർ ആകാശത്തിന്റെ അറുതിയിലാണെങ്കിലും അവിടെനിന്നും അവരെ ശേഖരിച്ച് എന്റെ നാമം സ്ഥാപിക്കാൻ ഞാൻ തെരഞ്ഞെടുത്ത സ്ഥലത്ത് അവരെ എത്തിക്കും’ എന്ന് അവിടത്തെ ദാസനായ മോശയോടു ചെയ്ത വാഗ്ദാനം ഓർക്കണമേ.
10“അങ്ങയുടെ മഹാശക്തിയാലും ബലമുള്ള കൈയാലും വീണ്ടെടുക്കപ്പെട്ട അങ്ങയുടെ ദാസരും ജനവും ആണല്ലോ അവർ.
11കർത്താവേ, അങ്ങയുടെ ദാസന്റെയും തിരുനാമത്തെ ഭയപ്പെടുന്നതിൽ ആനന്ദിക്കുന്ന അങ്ങയുടെ സേവകരുടെയും പ്രാർഥനയ്ക്കു കാതോർക്കണമേ. അവിടത്തെ ഈ ദാസന് ഇന്നു വിജയം നൽകി, ഈ മനുഷ്യന്റെ മുമ്പാകെ ദയ ലഭിക്കാൻ ഇടയാക്കണമേ.” അക്കാലത്തു ഞാൻ രാജാവിന്റെ പാനപാത്രവാഹകനായിരുന്നു.

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.

Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.