A cloud-clothed angel standing across sea and land gives John a small open scroll

വെളിപ്പാട് 10

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
മേഘം പുതച്ച ഒരു ബലവാനായ ദൂതൻ തുറന്ന ചെറിയ ചുരുൾ കയ്യിൽ പിടിച്ച് കടലിലും കരയിലും കാൽ വച്ച് നിൽക്കുന്നു. ഏഴു ഇടിമുഴക്കങ്ങൾ മുദ്രയിട്ടിരിക്കുന്നു; യോഹന്നാൻ ചുരുൾ തിന്നുമ്പോൾ അത് മധുരവും പിന്നെ കയ്പുമായി അനുഭവപ്പെടുന്നു, അനേകം ജനങ്ങളുടെയും രാജാക്കന്മാരുടെയും മുമ്പാകെ വീണ്ടും പ്രവചിക്കാൻ അവൻ നിയോഗിക്കപ്പെടുന്നു.
ബലവാനായ ദൂതൻചെറിയ ചുരുൾഏഴു ഇടിമുഴക്കങ്ങൾപ്രവചനനിയോഗം
1മേഘം ധരിച്ച് തലയിൽ മഴവില്ലണിഞ്ഞവനും സൂര്യനെപ്പോലെ പ്രഭയുള്ള മുഖവും അഗ്നിസ്തംഭങ്ങൾപോലെ പാദങ്ങൾ ഉള്ളവനുമായ ശക്തനായ മറ്റൊരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു.
2ആ ദൂതന്റെ കൈയിൽ തുറന്ന ഒരു ചെറുപുസ്തകച്ചുരുൾ ഉണ്ടായിരുന്നു. അയാൾ വലതുകാൽ കടലിന്മേലും ഇടതുകാൽ കരയിലും വെച്ചു.
3സിംഹം ഗർജിക്കുമ്പോലെ ആ ദൂതൻ അത്യുച്ചത്തിൽ അലറി. അപ്പോൾ ഏഴ് ഇടിമുഴക്കമുണ്ടായി.
4ഏഴ് ഇടിമുഴക്കം ശബ്ദിച്ചപ്പോൾ ഞാൻ എഴുതാൻ തുനിഞ്ഞു. എന്നാൽ സ്വർഗത്തിൽനിന്നുള്ള ഒരു ശബ്ദം എന്നോട്, “ഏഴ് ഇടിമുഴക്കത്തിലൂടെ സംസാരിച്ച കാര്യങ്ങൾ മുദ്രയിടുക, അവ എഴുതരുത്” എന്നു പറയുന്നതു ഞാൻ കേട്ടു.
5കടലിന്മേലും കരയിലുമായി നിൽക്കുന്നതായി ഞാൻ കണ്ട ദൂതൻ വലതുകൈ ആകാശത്തേക്ക് ഉയർത്തി.
6ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച, എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ നാമത്തിൽ അയാൾ പ്രതിജ്ഞചെയ്തു പറഞ്ഞത്, “ഇനി ഒട്ടും താമസിക്കുകയില്ല! ഏഴാമത്തെ ദൂതൻ തന്റെ കാഹളംമുഴക്കുമ്പോൾ ദൈവത്തിന്റെ രഹസ്യപദ്ധതികൾ പൂർത്തീകരിക്കപ്പെടും. അവിടത്തെ ദാസന്മാരായ പ്രവാചകന്മാരെ ദൈവം അറിയിച്ചിരുന്നതുപോലെതന്നെ ഇതു സംഭവിക്കും.”
8എന്നാൽ സ്വർഗത്തിൽനിന്ന് ഞാൻ കേട്ട ശബ്ദം പിന്നെയും എന്നോട്, “നീ ചെന്ന് സമുദ്രത്തിന്മേലും കരയിലുമായി നിൽക്കുന്ന ദൂതന്റെ കൈയിൽനിന്ന് തുറന്നിരിക്കുന്ന പുസ്തകച്ചുരുൾ വാങ്ങുക” എന്നു പറഞ്ഞു.
9ഞാൻ ദൂതന്റെ അടുക്കൽച്ചെന്ന് ആ ചെറുപുസ്തകച്ചുരുൾ തരണമെന്നപേക്ഷിച്ചു. അയാൾ എന്നോട്, “ഇതാ, വാങ്ങി ഭക്ഷിക്കുക, ഇത് നിന്റെ ഉദരത്തെ കയ്‌പിക്കും, എന്നാൽ ‘വായിലോ മധുപോലെ മധുരമായിരിക്കും’ ” എന്നു പറഞ്ഞു.
10ഞാൻ ദൂതന്റെ കൈയിൽനിന്ന് ആ ചെറുപുസ്തകച്ചുരുൾ വാങ്ങി ഭക്ഷിച്ചു. അത് എന്റെ വായിൽ മധുപോലെ മധുരമുള്ളതായിരുന്നു; ഭക്ഷിച്ചുകഴിഞ്ഞപ്പോൾ എന്റെ ഉദരം കയ്‌പേറിയതായി.
11അദ്ദേഹം എന്നോടു പറഞ്ഞു, “നീ അനേകം ജനവിഭാഗങ്ങളെയും രാഷ്ട്രങ്ങളെയും ഭാഷകളെയും രാജാക്കന്മാരെയുംകുറിച്ച് ഇനിയും പ്രവചിക്കണം.”

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.

Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.