Israelite scouts returning from Canaan with a large cluster of grapes and fruit

സംഖ്യ 13

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
കനാൻ ദേശം ഒറ്റുനോക്കാൻ പന്ത്രണ്ടു ഗോത്രപ്രതിനിധികളെ സംഖ്യ 13 അയയ്ക്കുന്നു. നാൽപ്പതു ദിവസത്തിനുശേഷം അവർ സമൃദ്ധമായ ഫലങ്ങളുമായി മടങ്ങി ദേശത്തിന്റെ സമ്പന്നത സ്ഥിരീകരിക്കുന്നു; എന്നാൽ മിക്കവരും കോട്ടകെട്ടിയ നഗരങ്ങളെയും ശക്തരായ നിവാസികളെയും ഊന്നിപ്പറയുന്നു. ദേശം കൈവശമാക്കാമെന്ന ഉറപ്പോടെ കാലേബ് മുന്നേറാൻ യിസ്രായേലിനെ പ്രേരിപ്പിക്കുന്നു.
വാഗ്ദത്തദേശംഒറ്റുനോക്കൽഭയംവിശ്വാസം
1യഹോവ മോശയോട് അരുളിച്ചെയ്തു:
2“ഞാൻ ഇസ്രായേല്യർക്കു നൽകുന്ന കനാൻദേശം പര്യവേക്ഷണംചെയ്യാൻ ചില പുരുഷന്മാരെ അയയ്ക്കുക. ഓരോ പിതൃഗോത്രത്തിൽനിന്നും അതിന്റെ പ്രഭുക്കന്മാരിൽ ഒരുവനെ അയയ്ക്കുക.”
3യഹോവ കൽപ്പിച്ചതുപോലെ പാരാൻ മരുഭൂമിയിൽനിന്ന് മോശ അവരെ അയച്ചു. അവർ എല്ലാവരും ഇസ്രായേല്യരുടെ പ്രഭുക്കന്മാരായിരുന്നു.
4അവരുടെ പേരുകൾ ഇവയാണ്: രൂബേൻഗോത്രത്തിൽനിന്ന്, സക്കൂറിന്റെ മകൻ ശമ്മൂവാ;
5ശിമെയോൻഗോത്രത്തിൽനിന്ന്, ഹോരിയുടെ മകൻ ശാഫാത്ത്
6യെഹൂദാഗോത്രത്തിൽനിന്ന്, യെഫുന്നയുടെ മകൻ കാലേബ്;
7യിസ്സാഖാർ ഗോത്രത്തിൽനിന്ന്, യോസേഫിന്റെ മകൻ യിഗാൽ;
8എഫ്രയീംഗോത്രത്തിൽനിന്ന്, നൂന്റെ മകൻ ഹോശേയാ,
9ബെന്യാമീൻഗോത്രത്തിൽനിന്ന് രാഫൂവിന്റെ മകൻ ഫൽതി;
10സെബൂലൂൻഗോത്രത്തിൽനിന്ന്, സോദിയുടെ മകൻ ഗദ്ദിയേൽ;
11യോസേഫിന്റെ ഒരു ഗോത്രമായ മനശ്ശെയിൽനിന്ന് സൂസിയുടെ മകൻ ഗദ്ദി;
12ദാൻഗോത്രത്തിൽനിന്ന്, ഗെമല്ലിയുടെ മകൻ അമ്മീയേൽ;
13ആശേർ ഗോത്രത്തിൽനിന്ന് മീഖായേലിന്റെ മകൻ സെഥൂർ;
14നഫ്താലിഗോത്രത്തിൽനിന്ന് വൊപ്‌സിയുടെ മകൻ നഹ്ബി;
15ഗാദ്ഗോത്രത്തിൽനിന്ന് മാഖിയുടെ മകൻ ഗയൂവേൽ.
16ദേശം പര്യവേക്ഷണംചെയ്യാൻ മോശ അയച്ച പുരുഷന്മാരുടെ പേരുകൾ ഇവയായിരുന്നു. മോശ നൂന്റെ മകൻ ഹോശേയായ്ക്ക് യോശുവ എന്നു പേരുനൽകി.
17കനാൻ പര്യവേക്ഷണംചെയ്യാൻ അവരെ മോശ അയച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “തെക്കേദേശത്തുകൂടെ കടന്ന് മലനാട്ടിലേക്കു ചെല്ലുക.
18ദേശം എങ്ങനെയുള്ളതെന്നും അവിടെ പാർക്കുന്ന ജനം ശക്തരോ അശക്തരോ അധികമോ ചുരുക്കമോ എന്നും നോക്കുക.
19എപ്രകാരമുള്ളതാണ് അവർ പാർക്കുന്ന ദേശം? അതു നല്ലതോ ചീത്തയോ? അവർ പാർക്കുന്ന പട്ടണങ്ങൾ എപ്രകാരമുള്ളതാണ്? അവ മതിലുകളില്ലാത്തവയോ കോട്ടകെട്ടിയുറപ്പിച്ചവയോ?
20മണ്ണ് എങ്ങനെ? വളക്കൂറുള്ളതോ ഇല്ലാത്തതോ? അതിൽ വൃക്ഷങ്ങൾ ഉണ്ടോ ഇല്ലയോ? ദേശത്തെ കുറച്ചു ഫലങ്ങൾ കൊണ്ടുവരാൻ നിങ്ങൾ പരമാവധി ശ്രമിക്കണം.” (അതു മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലമായിരുന്നു.)
21അങ്ങനെ അവർ കയറിപ്പോയി സീൻ മരുഭൂമിമുതൽ, ലെബോ-ഹമാത്തിനുനേരേ രെഹോബുവരെയുള്ള ദേശം പര്യവേക്ഷണംചെയ്തു.
22അവർ തെക്കേദേശത്തിലൂടെ കയറിച്ചെന്ന് അനാക്യരായ അഹീമാൻ, ശേശായി, തൽമായി എന്നിവർ പാർക്കുന്ന ഹെബ്രോനിൽ വന്നു. പുരാതനനഗരമായ ഹെബ്രോൻ ഈജിപ്റ്റിലെ സോവാൻപട്ടണത്തിന് ഏഴുവർഷം മുമ്പു പണിയപ്പെട്ടിരുന്നു.
23അവർ എസ്കോൽ താഴ്വരയിൽ വന്ന്, ഒരുകുല മുന്തിരിങ്ങ മുറിച്ചെടുത്തു. അവരിൽ രണ്ടുപേർ കുറെ മാതളപ്പഴം അത്തിപ്പഴം എന്നിവയ്ക്കൊപ്പം ഒരു തണ്ടിൽ അതു ചുമന്നു.
24ഇസ്രായേല്യർ അവിടെവെച്ച് മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിനു എസ്കോൽതാഴ്വര എന്നു പേരായി.
25നാൽപ്പതു ദിവസങ്ങൾ അവർ ദേശം പര്യവേക്ഷണംചെയ്തു; അതിനുശേഷം അവർ മടങ്ങി.
26അവർ പാരാൻമരുഭൂമിയിലെ കാദേശിൽ മോശയുടെയും അഹരോന്റെയും ഇസ്രായേൽസഭ മുഴുവന്റെയും അടുക്കൽ മടങ്ങിവന്നു. അവിടെ അവർ അവരോടും സർവസഭയോടും അവരുടെ അവലോകനവിവരം അറിയിക്കുകയും ദേശത്തിലെ ഫലങ്ങൾ അവരെ കാണിക്കുകയും ചെയ്തു.
27അവർ മോശയ്ക്കു നൽകിയ വിവരണം ഇപ്രകാരമാണ്: “അങ്ങു ഞങ്ങളെ അയച്ച ദേശത്തിലേക്കു ഞങ്ങൾ പോയി, അത് പാലും തേനും ഒഴുകുന്ന ദേശംതന്നെ! ഇതാ അതിലെ ഫലങ്ങൾ.
28എന്നാൽ അവിടെ പാർക്കുന്ന ജനം ശക്തരും പട്ടണങ്ങൾ കോട്ടകെട്ടിയുറപ്പിച്ചതും വളരെ വലുപ്പമുള്ളതും ആകുന്നു. ഞങ്ങൾ അവിടെ അനാക്കിന്റെ മല്ലന്മാരായ സന്തതികളെ കണ്ടു.
29അമാലേക്യർ തെക്കേദേശത്തു വസിക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും മലനാട്ടിൽ പാർക്കുന്നു; കനാന്യർ സമുദ്രതീരത്തും യോർദാൻകരയിലും താമസിക്കുന്നു.”
30അപ്പോൾ കാലേബ് ജനത്തെ മോശയുടെമുമ്പിൽ നിശ്ശബ്ദരാക്കി ഇപ്രകാരം പറഞ്ഞു: “നാം കയറിച്ചെന്ന് ദേശം കൈവശമാക്കണം, തീർച്ചയായും നമുക്കത് പിടിച്ചടക്കാൻസാധിക്കും.”
31എന്നാൽ അദ്ദേഹത്തോടൊപ്പംപോയ പുരുഷന്മാർ പറഞ്ഞു: “നമുക്ക് ആ ജനത്തെ ആക്രമിക്കാൻ സാധിക്കുകയില്ല; അവർ നമ്മെക്കാൾ ശക്തരാണ്.”
32തങ്ങൾ പര്യവേക്ഷണംചെയ്ത ദേശത്തെക്കുറിച്ച് ഇസ്രായേല്യരുടെയിടയിൽ ആശാവഹമല്ലാത്ത ഒരു വാർത്ത അവർ പ്രചരിപ്പിച്ചു. അവർ പറഞ്ഞു, “ഞങ്ങൾ കണ്ട ദേശം അതിൽ പാർക്കുന്നവരെ വിഴുങ്ങിക്കളയുന്ന ദേശമാണ്. ഞങ്ങൾ അവിടെക്കണ്ട സകലരും അതികായന്മാരാണ്.
33ഞങ്ങൾ അവിടെ അനാക്കിന്റെ സന്തതികളായ മല്ലന്മാരെയും കണ്ടു. അവരുടെമുമ്പിൽ ഞങ്ങൾ വെറും വെട്ടുക്കിളികളാണെന്നു തോന്നി; അവരുടെ കാഴ്ചയിൽ ഞങ്ങൾ അങ്ങനെതന്നെ ആയിരുന്നു.”

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.

Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.