
ലേവ്യ 2
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
നേരിയ മാവ്, എണ്ണ, കുന്തുരുക്കം, പുളിപ്പില്ലാത്ത ദോശകൾ, ആദ്യഫലങ്ങൾ എന്നിവകൊണ്ട് ഒരുക്കുന്ന ഭോജനയാഗങ്ങളെ ലേവ്യ 2 വിവരിക്കുന്നു. ഒരു നിവേദ്യഭാഗം യാഗപീഠത്തിൽ ദഹിപ്പിക്കുന്നു, ശേഷിക്കുന്നത് പുരോഹിതന്മാർക്കുള്ളതാകുന്നു. എല്ലാ വഴിപാടും ഉടമ്പടിയുടെ ഉപ്പുകൊണ്ട് രുചിവരുത്തുന്നു.
ഭോജനയാഗംആദ്യഫലങ്ങൾഉടമ്പടിയുടെ ഉപ്പ്പുരോഹിതന്റെ ഓഹരി
1“ ‘ഒരാൾ യഹോവയ്ക്ക് ഒരു ഭോജനയാഗം അർപ്പിക്കുമ്പോൾ അയാളുടെ വഴിപാട് നേരിയമാവ് ആയിരിക്കണം. അയാൾ അതിന്മേൽ ഒലിവെണ്ണ ഒഴിക്കുകയും കുന്തിരിക്കം ഇടുകയും വേണം.
2അത് അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ ഒരുപിടി നേരിയമാവും എണ്ണയും, കുന്തിരിക്കം മുഴുവനും എടുത്ത്, അത് ഒരു സ്മാരകഭാഗമായി യാഗപീഠത്തിൽ ദഹിപ്പിക്കണം. അതു യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം.
3ഭോജനയാഗത്തിൽ അവശേഷിക്കുന്ന ധാന്യം അഹരോനും പുത്രന്മാർക്കും ഉള്ളതാണ്. യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ അത് ഏറ്റവും വിശുദ്ധമാണ്.
4“ ‘അടുപ്പിൽ ചുട്ട ഭോജനയാഗമാണ് നിങ്ങൾ അർപ്പിക്കുന്നതെങ്കിൽ, അതു പുളിപ്പിക്കാത്ത നേരിയമാവുകൊണ്ടുള്ളതാകണം; ഒലിവെണ്ണചേർത്ത പുളിപ്പില്ലാത്ത ദോശയോ പുളിപ്പിക്കാതെ ഒലിവെണ്ണ പുരട്ടിയുണ്ടാക്കിയ വടകളോ ആയിരിക്കണം.
5നിങ്ങളുടെ ഭോജനയാഗം അപ്പച്ചട്ടിയിൽ ചുട്ടതാണെങ്കിൽ നേരിയമാവ് പുളിപ്പിക്കാതെ എണ്ണചേർത്ത് ഉണ്ടാക്കിയതായിരിക്കണം.
6അതു കഷണങ്ങളായി മുറിച്ച് അതിന്മേൽ എണ്ണ ഒഴിക്കണം; അതു ഭോജനയാഗം.
7നിങ്ങളുടെ ഭോജനയാഗം ഉരുളിയിൽ പാകംചെയ്തതാണെങ്കിൽ, അതു നേരിയമാവും ഒലിവെണ്ണയും ചേർത്തുണ്ടാക്കിയതായിരിക്കണം.
8ഇവകൊണ്ടുണ്ടാക്കിയ ഭോജനയാഗം യഹോവയ്ക്ക് അർപ്പിക്കണം; അതു പുരോഹിതനെ ഏൽപ്പിക്കണം; അദ്ദേഹം അതു യാഗപീഠത്തിൽ കൊണ്ടുവരണം.
9അദ്ദേഹം ഭോജനയാഗത്തിൽനിന്ന് സ്മാരകഭാഗം എടുത്തു യാഗപീഠത്തിൽ യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി ദഹിപ്പിക്കണം.
10ഭോജനയാഗത്തിൽ അവശേഷിക്കുന്ന ധാന്യം അഹരോനും പുത്രന്മാർക്കും ഉള്ളതാണ്. യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ ഇത് അതിവിശുദ്ധം.
11“ ‘യഹോവയ്ക്കു നിങ്ങൾ അർപ്പിക്കുന്ന ഭോജനയാഗങ്ങളിലൊന്നിനും പുളിപ്പുണ്ടായിരിക്കരുത്; പുളിച്ച മാവോ തേനോ ഭോജനയാഗമായി അർപ്പിക്കരുത്.
12നിങ്ങൾ അവയെ ആദ്യഫലവഴിപാടായി യഹോവയ്ക്ക് അർപ്പിക്കാം. പക്ഷേ, അവയെ ഹൃദ്യസുഗന്ധമായി യാഗപീഠത്തിൽ അർപ്പിക്കരുത്.
13നിങ്ങളുടെ എല്ലാ ഭോജനയാഗത്തിനും ഉപ്പുകൊണ്ടു രുചി വരുത്തണം. നിങ്ങളുടെ ദൈവവുമായുള്ള ഉടമ്പടിയുടെ ഉപ്പു ഭോജനയാഗങ്ങളിൽനിന്നും ഒഴിവാക്കരുത്. നിങ്ങളുടെ എല്ലാ വഴിപാടുകളിലും ഉപ്പുചേർക്കണം.
14“ ‘നിങ്ങളുടെ ആദ്യഫലത്തിൽനിന്നും യഹോവയ്ക്ക് ഭോജനയാഗം അർപ്പിക്കുന്നെങ്കിൽ, പുതിയ കതിരുതിർത്ത മണികൾ തീയിൽ ചുട്ട്, അർപ്പിക്കണം.
15അതിന്മേൽ എണ്ണയും കുന്തിരിക്കവും ഇടണം; അത് ഒരു ഭോജനയാഗം.
16ഉതിർത്ത ധാന്യമണിയുടെയും എണ്ണയുടെയും ഓരോഭാഗവും മുഴുവൻ കുന്തിരിക്കവും പുരോഹിതൻ യഹോവയ്ക്ക് ഒരു സ്മാരകഭാഗമായി ദഹിപ്പിക്കണം; അത് യഹോവയ്ക്കു ഒരു ദഹനയാഗം.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.