
വിലാപങ്ങൾ 5
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
തങ്ങളുടെ അപമാനം ഓർക്കണമെന്നു സമൂഹം ദൈവത്തോട് അപേക്ഷിക്കുന്നു: അവകാശവും വീടുകളും നഷ്ടപ്പെട്ടു, കുടുംബങ്ങൾ അരക്ഷിതരായി, അധ്വാനം പീഡനമായി, സംഗീതം നിലച്ചു. ശാശ്വതമായ ദൈവികഭരണത്തിനു കീഴിൽ പാപം ഏറ്റുപറഞ്ഞുകൊണ്ട്, തങ്ങളെ പുനഃസ്ഥാപിക്കാനും തങ്ങളുടെ നാളുകൾ പുതുക്കാനും ജനം യാചിക്കുന്നു.
സമൂഹപ്രാർത്ഥനനഷ്ടംഏറ്റുപറച്ചിൽപുനഃസ്ഥാപനംനവീകരണം
1യഹോവേ, ഞങ്ങൾക്ക് എന്തു സംഭവിച്ചു എന്നു നോക്കണമേ; നോക്കൂ, ഞങ്ങളുടെ നിന്ദ കാണണമേ.
2ഞങ്ങളുടെ ഓഹരി അപരിചിതർക്കും ഞങ്ങളുടെ ഭവനങ്ങൾ വിദേശികൾക്കും ആയിപ്പോയി.
3ഞങ്ങൾ അനാഥരും പിതാവില്ലാത്തവരും ആയി, ഞങ്ങളുടെ മാതാക്കൾ വിധവമാരെപ്പോലെ ആയി.
4ഞങ്ങൾക്കുള്ള വെള്ളം ഞങ്ങൾ വിലകൊടുത്തു വാങ്ങണം; വിലകൊടുത്താൽമാത്രമേ ഞങ്ങൾക്കു വിറകു ലഭിക്കുകയുള്ളൂ;
5ഞങ്ങളെ പിൻതുടരുന്നവർ ഞങ്ങളുടെ കുതികാലുകളിൽ എത്തി; ഞങ്ങൾ ക്ഷീണിച്ചു, വിശ്രമം കണ്ടെത്തുന്നതുമില്ല.
6മതിയാവോളം അപ്പം കിട്ടേണ്ടതിന് ഞങ്ങൾ ഈജിപ്റ്റിനും അശ്ശൂരിനും കീഴടങ്ങി.
7ഞങ്ങളുടെ പിതാക്കന്മാർ പാപംചെയ്ത് കടന്നുപോയി ഞങ്ങളോ അവർക്കുള്ള ശിക്ഷ അനുഭവിക്കുന്നു.
8അടിമകൾ ഞങ്ങളെ ഭരിക്കുന്നു അവരുടെ കൈകളിൽനിന്ന് ഞങ്ങളെ വിടുവിക്കാൻ ആരുമില്ല.
9മരുഭൂമിയിലെ വാൾനിമിത്തം ജീവൻ പണയംവെച്ച് ഞങ്ങൾ അപ്പം തേടുന്നു.
10വിശപ്പിന്റെ താപത്താൽ ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ നീറുന്നു.
11സ്ത്രീകൾ സീയോനിലും കന്യകമാർ യെഹൂദാപട്ടണങ്ങളിലും ബലാൽക്കാരംചെയ്യപ്പെട്ടു.
12പ്രഭുക്കന്മാർ അവരുടെ കരങ്ങളാൽ തൂക്കിലിടപ്പെട്ടു; ഗോത്രത്തലവന്മാരോട് യാതൊരു ആദരവും കാട്ടിയതുമില്ല.
13യുവാക്കൾ തിരികല്ലിൽ പണിയുന്നു, ബാലന്മാർ വിറകുകെട്ടെടുത്ത് ഇടറുന്നു
14ഗോത്രത്തലവന്മാർ നഗരകവാടത്തിൽനിന്ന് പൊയ്പ്പോയി, യുവാക്കൾ അവരുടെ സംഗീതാലാപനം അവസാനിപ്പിച്ചു.
15ഞങ്ങളുടെ ഹൃദയത്തിൽനിന്ന് ആനന്ദം പോയിരിക്കുന്നു; ഞങ്ങളുടെ നൃത്തം വിലാപമായി മാറി.
16ഞങ്ങളുടെ ശിരസ്സിൽനിന്ന് കിരീടം വീണിരിക്കുന്നു, ഞങ്ങൾക്ക് അയ്യോ കഷ്ടം, കാരണം ഞങ്ങൾ പാപംചെയ്തിരിക്കുന്നു!
17അതിനാൽ ഞങ്ങളുടെ ഹൃദയം തളർന്നിരിക്കുന്നു അതിനാൽ ഞങ്ങളുടെ കണ്ണുകൾ മങ്ങിപ്പോയി.
18പതുങ്ങി നടക്കുന്ന കുറുക്കന്മാരെക്കൊണ്ട് സീയോൻപർവതം ശൂന്യമായി കിടക്കുന്നു.
19യഹോവേ, അവിടന്ന് ശാശ്വതമായി വാഴണമേ; അങ്ങയുടെ സിംഹാസനം തലമുറതലമുറയായി നിലനിൽക്കുന്നു.
20എന്തുകൊണ്ട് അവിടന്ന് എപ്പോഴും ഞങ്ങളെ മറക്കുന്നു? എന്തിന് ഞങ്ങളെ ഇത്രത്തോളം ഉപേക്ഷിക്കുന്നു?
21അങ്ങ് ഞങ്ങളെ നിശ്ശേഷം തള്ളിക്കളഞ്ഞിട്ടില്ലായെങ്കിൽ, അളവില്ലാത്തവിധം ഞങ്ങളോട് കോപിച്ചിട്ടില്ലായെങ്കിൽ. യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിനു ഞങ്ങളെ അവിടത്തേക്കായി പുനരുദ്ധരിക്കണമേ, പണ്ടത്തെപ്പോലെ ഞങ്ങളുടെ നാളുകൾ പുതുക്കണമേ.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.