Bildad speaking beside an imagined landscape of traps and darkness

ഇയ്യോബ് 18

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
ഇയ്യോബ് തങ്ങളെ ബുദ്ധിയില്ലാത്ത കന്നുകാലികളെപ്പോലെ കരുതുന്നു എന്നു ബിൽദാദ് പരാതിപ്പെടുകയും, പിന്നെ ദുഷ്ടന്റെ അന്ത്യം തീവ്രമായ വർണനകളിൽ ചിത്രീകരിക്കുകയും ചെയ്യുന്നു. അവന്റെ വിളക്കു കെട്ടുപോകുന്നു, ഓരോ ചുവടിലും കെണികൾ കാത്തിരിക്കുന്നു, ഭീതി പിന്നിൽനിന്നു അവനെ വേട്ടയാടുന്നു, രോഗം അവന്റെ ത്വക്കിനെ തിന്നുന്നു, തീ അവന്റെ കൂടാരത്തിൽ ഇറങ്ങുന്നു, അവന്റെ പേരു നിലനിർത്താൻ ഒരു സന്തതിയും ശേഷിക്കുന്നില്ല.
ബിൽദാദ്ദുഷ്ടന്മാർന്യായവിധിഭീതി
1അപ്പോൾ ശൂഹ്യനായ ബിൽദാദ് ഇങ്ങനെ ഉത്തരം പറഞ്ഞു:
2“നിങ്ങൾ എപ്പോഴാണ് ഈ പ്രഭാഷണം ഒന്നു നിർത്തുന്നത്? വിവേകികളാകുക; പിന്നെ നമുക്കു സംസാരിക്കാം.
3ഞങ്ങളെ കന്നുകാലികളായി പരിഗണിക്കുന്നത് എന്തിന്? നിന്റെ ദൃഷ്ടിയിൽ ഞങ്ങൾ അത്രയ്ക്കു മഠയന്മാരോ?
4കലിതുള്ളി സ്വയം കടിച്ചുകീറുന്നവനേ, നിനക്കുവേണ്ടി ഭൂമി നിർജനമായിത്തീരണമോ? അതോ, പാറ അതിന്റെ സ്ഥാനത്തുനിന്നു മാറ്റപ്പെടണമോ?
5“ദുഷ്ടന്റെ വിളക്ക് അണഞ്ഞുപോകും; അവരുടെ അഗ്നിജ്വാല പ്രകാശം തരികയില്ല.
6അവരുടെ കൂടാരത്തിലെ വെളിച്ചം ഇരുണ്ടുപോകും; അവരുടെ അരികത്തുള്ള വിളക്ക് കെട്ടുപോകും.
7അവരുടെ കാലടികളുടെ ചുറുചുറുക്കു ക്ഷയിച്ചിരിക്കുന്നു; അവരുടെ പദ്ധതികൾതന്നെ അവർക്കു പതനഹേതുവായിരിക്കുന്നു.
8അവർ സ്വയം കെണിയിലേക്കു നടക്കുന്നു; അവർ ചതിക്കുഴിയിലേക്കുതന്നെ വീഴുന്നു.
9അവരുടെ കുതികാലിൽ കുരുക്കുവീഴുന്നു, കെണി അവരെ വരിഞ്ഞുമുറുക്കുന്നു.
10അവർക്കുവേണ്ടി നിലത്ത് കുടുക്കും വഴിയിൽ വലയും ഒളിച്ചുവെച്ചിരിക്കുന്നു.
11എല്ലായിടത്തുനിന്നുമുള്ള ഭീതികൾ അവരെ ഭയവിഹ്വലരാക്കുകയും ഓരോ കാൽവെപ്പിലും അവരെ വേട്ടയാടുകയും ചെയ്യുന്നു.
12ദുരന്തം അവർക്കായി ബുഭുക്ഷയോടെ ഇരിക്കുന്നു; വിനാശം അവരുടെ പതനത്തിനു കാത്തുനിൽക്കുന്നു.
13അത് അവരുടെ ത്വക്കിനെ തിന്നുനശിപ്പിക്കുന്നു; മരണത്തിന്റെ ആദ്യജാതൻ അവരുടെ അവയവങ്ങൾ വിഴുങ്ങുന്നു.
14അവർക്ക് ആശ്രയമായിരുന്ന കൂടാരത്തിൽനിന്ന് അവർ പിഴുതെറിയപ്പെടും; ഭീകരതയുടെ രാജാവിൻ സമീപത്തേക്ക് അവർ ആനയിക്കപ്പെടും.
15അവരുടെ കൂടാരത്തിൽ അഗ്നി കുടിപാർക്കുന്നു; അവരുടെ വാസസ്ഥലത്തിന്മേൽ ഗന്ധകം വർഷിക്കപ്പെടുന്നു.
16കീഴേയുള്ള അവരുടെ വേരുകൾ ഉണങ്ങിപ്പോകുന്നു, മീതേ അവരുടെ ശാഖകൾ കരിയുന്നു.
17ഭൂമിയിൽനിന്ന് അവരുടെ സ്മരണ തുടച്ചുനീക്കപ്പെടും; ദേശത്ത് അവരുടെ പേര് ഉണ്ടായിരിക്കുകയില്ല.
18അവരെ വെളിച്ചത്തിൽനിന്ന് ഇരുളിലേക്കു തുരത്തിയോടിക്കും; അവരെ ഭൂതലത്തിൽനിന്നുതന്നെ നാടുകടത്തും.
19അവരുടെ സമൂഹത്തിൽത്തന്നെ അവർക്കു സന്തതിയോ പിൻഗാമികളോ ഇല്ലാതായിരിക്കുന്നു; അവർ മുമ്പു വസിച്ചിരുന്നിടത്ത് ആരും അവശേഷിക്കുന്നില്ല.
20പശ്ചിമദേശക്കാർ അവരുടെ വിധി കണ്ടു വിസ്മയിക്കും; പൂർവദേശക്കാർ നടുങ്ങിപ്പോകും.
21നിശ്ചയമായും അധർമികളുടെ വാസസ്ഥലത്തിന്റെ ഗതി ഈ വിധമാകുന്നു; ദൈവത്തെ അറിയാത്തവരുടെ സ്ഥലവും ഇപ്രകാരംതന്നെ.”

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.

Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.