
യിരെമ്യാവ് 47
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
ഫറവോൻ ഗസ്സയെ ആക്രമിക്കുന്നതിനുമുമ്പ്, ഫെലിസ്ത്യദേശത്തെയും അതിന്റെ സഖ്യകക്ഷികളെയും മുക്കിക്കളയാൻ വടക്കുനിന്നു പൊങ്ങിവരുന്ന വെള്ളത്തെ യിരെമ്യാവ് വിവരിക്കുന്നു. അടുത്തുവരുന്ന ദുരന്തം മാതാപിതാക്കളുടെ ശക്തി ചോർത്തുന്നു, അയൽ തീരദേശങ്ങളിൽനിന്നുള്ള സഹായം നിശ്ശബ്ദമാക്കുന്നു, ഇനിയും വിശ്രമിക്കാനാവാത്ത വാളായിത്തീരുന്നു.
ഫെലിസ്ത്യദേശംപ്രളയംന്യായവിധിവിലാപം
1ഫറവോൻ ഗസ്സയെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിനുമുമ്പ് ഫെലിസ്ത്യരെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്:
2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുനിന്ന് വെള്ളം പൊങ്ങുന്നു; അവർ കവിഞ്ഞൊഴുകുന്ന ഒരു പ്രവാഹമായിത്തീരും. അത് ദേശത്തിന്റെയും അതിലുള്ള എല്ലാറ്റിന്റെയും നഗരത്തിന്റെയും അതിൽ വസിക്കുന്നവരുടെയുംമീതേ കവിഞ്ഞൊഴുകും. മനുഷ്യർ നിലവിളിക്കും, ദേശവാസികളൊക്കെയും വിലപിക്കും;
3കുതിച്ചുപായുന്ന ആൺകുതിരകളുടെ കുളമ്പടിനാദവും ശത്രുരഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും കേൾക്കുമ്പോൾത്തന്നെ. മാതാപിതാക്കളുടെ കൈകൾ കുഴഞ്ഞുതൂങ്ങും; അവർ തങ്ങളുടെ മക്കളെ തിരിഞ്ഞുനോക്കുകയില്ല.
4ഫെലിസ്ത്യരെ മുഴുവനായി നശിപ്പിക്കുന്നതിനും സോരിൽനിന്നും സീദോനിൽനിന്നും അവരുടെ എല്ലാ സഹായികളെയും ഛേദിച്ചുകളയാനുമുള്ള ദിവസം വരുന്നതിനാൽതന്നെ. കഫ്തോർ തീരങ്ങളിൽ ശേഷിച്ചിരിക്കുന്ന ഫെലിസ്ത്യരെ യഹോവ നശിപ്പിക്കാൻ പോകുന്നു.
5ഗസ്സാ വിലപിച്ചുകൊണ്ട് അവളുടെ തല ക്ഷൗരംചെയ്യും; അസ്കലോൻ നിശ്ശബ്ദരായിത്തീരും. താഴ്വരയിലെ ശേഷിപ്പേ, എത്രവരെ നീ സ്വയം ക്ഷതമേൽപ്പിക്കും?
6“ ‘അയ്യോ, യഹോവയുടെ വാളേ, നീ എത്രവരെ വിശ്രമമില്ലാതിരിക്കും? നിന്റെ ഉറയിലേക്കു പിൻവാങ്ങുക വെട്ടുന്നതു നിർത്തി വിശ്രമിക്കുക.’
7അസ്കലോനെയും സമുദ്രതീരത്തെയും ആക്രമിക്കാൻ യഹോവ അതിന് ആജ്ഞ കൊടുത്തിരിക്കെ, അതിനായിട്ട് അവിടന്ന് കൽപ്പിച്ചിരിക്കെ, അതിന് എങ്ങനെ അടങ്ങിയിരിക്കാൻ കഴിയും?”
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.