Watchmen raising a plain banner as families and a newly married couple enter restored Jerusalem

യെശയ്യാവ് 62

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
സീയോന്റെ നീതി പ്രകാശിക്കുകയും നഗരത്തിനു പ്രീതിയുടെ പുതിയ പേരു ലഭിക്കുകയും ചെയ്യുന്നതുവരെ മിണ്ടാതിരിക്കാൻ യെശയ്യാവ് വിസമ്മതിക്കുന്നു. കാവൽക്കാർ ഇടവിടാതെ പ്രാർത്ഥിക്കുന്നു, പെരുവഴി ഒരുക്കപ്പെടുന്നു, വീണ്ടെടുക്കപ്പെട്ട ജനം ഇനി ഉപേക്ഷിക്കപ്പെടാത്ത നഗരത്തിൽ പ്രവേശിക്കുന്നു.
ജാഗ്രതപുതിയ വ്യക്തിത്വംപുനഃസ്ഥാപനംപ്രീതി
1അവളുടെ കുറ്റവിമുക്തി പ്രഭാതകിരണങ്ങളുടെ പ്രസരിപ്പു‍പോലെയും അവളുടെ രക്ഷ ജ്വലിക്കുന്ന പന്തംപോലെയും ആകുന്നതുവരെ സീയോനുവേണ്ടി ഞാൻ നിശ്ശബ്ദമായിരിക്കുകയില്ല, ജെറുശലേമിനുവേണ്ടി മൗനമായിരിക്കുകയുമില്ല.
2രാഷ്ട്രങ്ങൾ നിന്റെ കുറ്റവിമുക്തിയും എല്ലാ രാജാക്കന്മാരും നിന്റെ മഹത്ത്വവും ദർശിക്കും; യഹോവയുടെ വായ് കൽപ്പിച്ചുതരുന്ന ഒരു പുതിയ പേരിനാൽ നീ വിളിക്കപ്പെടും.
3നീ യഹോവയുടെ കൈയിൽ ഒരു മഹത്ത്വകിരീടമായും നിന്റെ ദൈവത്തിന്റെ കൈയിൽ രാജകീയ മകുടമായും തീരും.
4നീ ഇനിയൊരിക്കലും ഉപേക്ഷിക്കപ്പെട്ടവൾ എന്നോ നിന്റെ ദേശം വിജനദേശം എന്നോ വിളിക്കപ്പെടുകയില്ല. എന്നാൽ നീ ഹെഫ്സീബാ എന്നും നിന്റെ ദേശം ബെയൂലാ എന്നും വിളിക്കപ്പെടും; കാരണം യഹോവ നിന്നിൽ ആനന്ദിക്കുകയും നിന്റെ ദേശം വിവാഹം ചെയ്യപ്പെട്ടതും ആയിത്തീരും.
5ഒരു യുവാവു യുവതിയെ വിവാഹംചെയ്യുന്നതുപോലെ നിന്റെ പുത്രന്മാർ നിന്നെ അവകാശമാക്കും. മണവാളൻ മണവാട്ടിയിൽ ആനന്ദിക്കുന്നതുപോലെ നിന്റെ ദൈവം നിന്നിൽ ആനന്ദിക്കും.
6ജെറുശലേമേ, രാത്രിയും പകലും മൗനമായിരിക്കാത്ത കാവൽക്കാരെ ഞാൻ നിന്റെ മതിലുകളിന്മേൽ നിരന്തരം വിന്യസിച്ചിരിക്കുന്നു. യഹോവയെ വിളിച്ചപേക്ഷിക്കുന്നവരേ, നിങ്ങൾ വിശ്രമിക്കാനേ പാടില്ല.
7അവിടന്ന് ജെറുശലേമിനെ സ്ഥാപിക്കുകയും അവളെ ഭൂമിയിൽ ഒരു പ്രശംസാവിഷയമാക്കുകയും ചെയ്യുന്നതുവരെ അവിടത്തേക്ക് സ്വസ്ഥത നൽകരുത്.
8യഹോവ തന്റെ വലംകരത്തെയും ബലമുള്ള ഭുജത്തെയും ചൊല്ലി ഇപ്രകാരം ശപഥംചെയ്തിരിക്കുന്നു: “തീർച്ചയായും ഞാൻ നിന്റെ ധാന്യം നിന്റെ ശത്രുവിനു ഭക്ഷണമായി കൊടുക്കുകയില്ല, നിന്റെ അധ്വാനഫലമായ പുതുവീഞ്ഞ് വിദേശികൾ ഇനിയൊരിക്കലും കുടിക്കുകയില്ല;
9എന്നാൽ അതിന്റെ വിളവെടുക്കുന്നവർ അതു ഭക്ഷിച്ച് യഹോവയെ സ്തുതിക്കും, അതു ശേഖരിക്കുന്നവർ എന്റെ വിശുദ്ധമന്ദിരത്തിന്റെ അങ്കണത്തിൽവെച്ച് അതു പാനംചെയ്യും.”
10കടന്നുപോകുക, കവാടങ്ങളിലൂടെ കടന്നുപോകുക! ഈ ജനത്തിനു വഴിയൊരുക്കുക. നിരത്തുക, രാജവീഥി നിരത്തുക! കല്ലുകൾ പെറുക്കിക്കളയുക. രാഷ്ട്രങ്ങൾക്ക് ഒരു കൊടി ഉയർത്തുക.
11ഇതാ, ഭൂമിയുടെ അറുതികളിലെല്ലാം യഹോവ വിളംബരംചെയ്തിരിക്കുന്നു: “ ‘ഇതാ, നിന്റെ രക്ഷ വരുന്നു! ഇതാ, പ്രതിഫലം അവിടത്തെ പക്കലും പാരിതോഷികം അവിടത്തോടൊപ്പവുമുണ്ട്,’ എന്നു സീയോൻപുത്രിയോടു പറയുക.”
12അവർ വിശുദ്ധജനം എന്നു വിളിക്കപ്പെടും, യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ എന്നുതന്നെ; അന്വേഷിച്ചു കണ്ടെത്തപ്പെട്ടവൾ എന്നും ഒരിക്കലും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും വിളിക്കപ്പെടും.

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.

Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.