Families resting beside clear streams beneath a rock shelter while restored fields flourish nearby

യെശയ്യാവ് 32

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
നീതിമാനായ ഒരു രാജാവും മാന്യരായ പ്രഭുക്കന്മാരും അഭയവും വ്യക്തതയും ന്യായവും നൽകുന്നു. നാശം വരുംമുമ്പ് അലസമായ സുരക്ഷിതബോധം അവസാനിക്കണം; എന്നാൽ ആത്മാവു പകരപ്പെടുമ്പോൾ മരുഭൂമി ഫലസമൃദ്ധമാകും, നീതി നിലനിൽക്കുന്ന സമാധാനവും സുരക്ഷയും ഉളവാക്കും.
നീതിആത്മാവ്സമാധാനംനേതൃത്വം
1ഇതാ, ഒരു രാജാവ് നീതിപൂർവം ഭരിക്കും, ഭരണാധിപന്മാർ ന്യായത്തോടെ അധികാരം നടപ്പിലാക്കും.
2ഓരോരുത്തനും കാറ്റിൽനിന്നുള്ള ഒരഭയസ്ഥാനവും കൊടുങ്കാറ്റിൽനിന്നുള്ള രക്ഷാസങ്കേതവും ആയിത്തീരും, അവർ മരുഭൂമിയിൽ നീർത്തോടുകൾപോലെയും വരണ്ടുണങ്ങിയ ദേശത്ത് വൻപാറയുടെ നിഴൽപോലെയും ആയിരിക്കും.
3കാണുന്നവരുടെ കണ്ണുകൾ അന്ന് അന്ധമാകുകയില്ല; ചെവിയുള്ളവർക്കെല്ലാം അതു കേൾക്കാൻ കഴിയും.
4തിടുക്കമുള്ള ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; വിക്കുള്ള നാവ് തെളിവായി സംസാരിക്കും.
5ഭോഷരെ ഇനിയൊരിക്കലും ശ്രേഷ്ഠരെന്നു വിളിക്കുകയോ ആഭാസരെ മാന്യരെന്നവണ്ണം ആദരിക്കുകയോ ഇല്ല.
6ഭോഷർ ഭോഷത്തം സംസാരിക്കും, അവരുടെ ഹൃദയം ദുഷ്ടത ആസൂത്രണംചെയ്യുന്നു: അവർ ഭക്തർക്കു ചേരാത്ത പ്രവൃത്തികൾചെയ്യുന്നു; യഹോവയെ ദുഷിച്ചു സംസാരിക്കുകയും വിശപ്പുള്ളവരെ പട്ടിണിയിടുകയും ദാഹമുള്ളവർക്കു പാനീയം നിഷേധിക്കുകയും ചെയ്യുന്നു.
7ആഭാസരുടെ ആയുധങ്ങൾ ദുഷ്ടതനിറഞ്ഞതാണ്; ദരിദ്രരുടെ അപേക്ഷ ന്യായമായത് ആണെങ്കിൽത്തന്നെയും പീഡിതരെ വഞ്ചനയിലൂടെ നശിപ്പിക്കുന്നതിന് അവർ ദുരുപായങ്ങൾ ആലോചിക്കുന്നു.
8എന്നാൽ കുലീനൻ ഉത്തമകാര്യങ്ങൾ ആസൂത്രണം ചെയ്യുകയും വിശിഷ്ടമായ പ്രവൃത്തികളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു.
9അലംഭാവമുള്ള സ്ത്രീകളേ, എഴുന്നേറ്റ് എന്റെ വാക്കു കേൾക്കുക; സുരക്ഷിതർ എന്നു കരുതുന്ന പുത്രിമാരേ, എന്റെ വചനം ശ്രദ്ധിക്കുക.
10ഒരു വർഷവും ഏതാനും ദിവസവും കഴിയുമ്പോഴേക്കും സുരക്ഷിതർ എന്നു കരുതുന്ന നിങ്ങൾ ഭയന്നുവിറയ്ക്കും. മുന്തിരിയുടെ വിളവു മുടങ്ങും, ഫലശേഖരണം ഉണ്ടാകുകയുമില്ല.
11അലംഭാവമുള്ള സ്ത്രീകളേ, ഞെട്ടിവിറയ്ക്കുക; സുരക്ഷിതരെന്നു കരുതുന്ന പുത്രിമാരേ, നടുങ്ങുക! മൃദുലവസ്ത്രങ്ങൾ ഉരിഞ്ഞെറിയുക, പരുപരുത്തവസ്ത്രങ്ങൾ ഉടുക്കുക.
12സന്തുഷ്ടമായ വയലുകളും ഫലപുഷ്ടിയുള്ള മുന്തിരിവള്ളികളും ഓർത്ത് മാറത്തടിച്ചു വിലപിക്കുക.
13മുള്ളും പറക്കാരയും അമിതമായി വളർന്നുനിൽക്കുന്ന എന്റെ ജനത്തിന്റെ വയലിനെച്ചൊല്ലി, അതേ, ഉല്ലാസഭവനങ്ങളെ ഓർത്തു വിലപിക്കുക, അഴിഞ്ഞാടുന്ന നഗരങ്ങളെച്ചൊല്ലിത്തന്നെ.
14കെട്ടിയുറപ്പിക്കപ്പെട്ട കോട്ടകൾ ഉപേക്ഷിക്കപ്പെടും, ജനനിബിഡമായ നഗരം വിജനമാക്കപ്പെടും; രാജധാനിയും കാവൽഗോപുരവും എന്നേക്കുമായി തരിശുനിലമായി മാറും, കാട്ടുകഴുതകളുടെ വിലാസരംഗവും ആടുകളുടെ മേച്ചിൽസ്ഥലവുമായി മാറും.
15ഉയരത്തിൽനിന്ന് നമ്മുടെമേൽ ആത്മാവിനെ പകരുകയും മരുഭൂമി ഫലപുഷ്ടിയുള്ള വയലായും വയൽ വനമായും മാറുകയും ചെയ്യുന്നതുവരെത്തന്നെ.
16അപ്പോൾ മരുഭൂമിയിൽ ദൈവത്തിന്റെ ന്യായം വസിക്കും, ഫലപുഷ്ടിയുള്ള ഉദ്യാനത്തിൽ നീതി കുടിപാർക്കും.
17നീതിയുടെ ഫലം സമാധാനവും അതിന്റെ പരിണതഫലം ശാശ്വതമായ ശാന്തതയും സുരക്ഷിതത്വവും ആയിരിക്കും.
18അന്ന് എന്റെ ജനം സമാധാനഭവനത്തിലും സുരക്ഷിതമായ വസതികളിലും പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലും പാർക്കും.
19കന്മഴ ചൊരിഞ്ഞ് വനം നശിക്കുകയും നഗരം നിശ്ശേഷം നിലംപരിചാകുകയും ചെയ്താലും,
20എല്ലാ നീരുറവകൾക്കുമരികെ വിത്തുവിതയ്ക്കാൻ കഴിയുകയും കന്നുകാലികളെയും കഴുതകളെയും തൊഴുത്തിൽനിന്ന് അഴിച്ചുവിടാൻ കഴിയുകയുംചെയ്യുന്ന നിങ്ങൾ എത്ര അനുഗൃഹീതർ!

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.

Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.