Cushite envoys traveling in reed boats toward a distant mountain marked by a raised signal banner

യെശയ്യാവ് 18

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
കൂശിന്റെ നദികൾക്കപ്പുറത്തുള്ള ദേശത്തുനിന്നു വേഗമുള്ള ദൂതന്മാർ യാത്ര ചെയ്യുന്നു; സകല ജാതികളും പർവ്വതത്തിലെ ഒരു അടയാളത്തിനായി നോക്കിയിരിക്കുന്നു. ശരിയായ സമയം വരെ ദൈവം നിശ്ശബ്ദമായി നിരീക്ഷിക്കുന്നു; പിന്നീട് അഭിലാഷങ്ങളെ വെട്ടിക്കളയുകയും സീയോനിൽ കാഴ്ച സ്വീകരിക്കുകയും ചെയ്യുന്നു.
ജാതികൾപരമാധികാരംക്ഷമസീയോൻ
1കൂശിലെ നദികൾക്കപ്പുറം ചിറകടി ശബ്ദമുയർത്തുന്ന ദേശമേ!
2കടൽമാർഗം ഞാങ്ങണയിൽ നിർമിച്ച ചങ്ങാടങ്ങളിൽ സ്ഥാനപതികളെ അയയ്ക്കുന്ന ദേശമേ! നിനക്കു ഹാ കഷ്ടം! വേഗമേറിയ സന്ദേശവാഹകരേ, ദീർഘകായരും മൃദുചർമികളുമായ ജനങ്ങളുടെ അടുത്തേക്കു പോകുക, അടുത്തും അകലെയുമുള്ളവർ ഭയപ്പെടുന്ന ജനങ്ങളുടെ അടുത്തേക്ക്; അക്രമകാരികളും വിചിത്രഭാഷസംസാരിക്കുകയും ചെയ്യുന്നവരുടെ അടുത്തേക്കു പോകുക, നദികളാൽ വിഭജിക്കപ്പെട്ട ദേശത്തു വസിക്കുന്നവരുടെ അടുത്തേക്കുതന്നെ.
3ഭൂമിയിലെ നിവാസികളും ഭൂതലത്തിൽ പാർക്കുന്നവരുമായ എല്ലാവരുമേ, മലമുകളിൽ കൊടി ഉയർത്തുമ്പോൾ നിങ്ങൾ അതു കാണും, ഒരു കാഹളം മുഴങ്ങുമ്പോൾ നിങ്ങൾ അതു കേൾക്കും.
4യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “മധ്യാഹ്നസൂര്യന്റെ ജ്വലിക്കുന്ന ചൂടുപോലെ, കൊയ്ത്തുകാലത്തെ ചൂടിലെ തുഷാരമേഘംപോലെ, ഞാൻ എന്റെ നിവാസസ്ഥാനത്തു നിശ്ശബ്ദനായിരുന്നുകൊണ്ടു നിരീക്ഷിക്കും.”
5പൂക്കൾകൊഴിഞ്ഞ് അത് മുന്തിരിയായി വിളഞ്ഞുവരുമ്പോൾ വെടിപ്പാക്കുന്ന കത്തികൊണ്ട് നാമ്പുകൾ മുറിച്ചുകളഞ്ഞ് പടരുന്ന ശാഖകളെ അവിടന്നു വെട്ടി നീക്കിക്കളയും.
6മലയിലെ ഇരപിടിയൻപക്ഷികൾക്കും വന്യമൃഗങ്ങൾക്കുംവേണ്ടി അവ ഉപേക്ഷിക്കപ്പെടും; കഴുകന്മാർ അവകൊണ്ട് വേനൽക്കാലംമുഴുവനും, വന്യമൃഗങ്ങൾ ശീതകാലംമുഴുവനും ഉപജീവിക്കും.
7ആ കാലത്ത്, ദീർഘകായരും മൃദുചർമികളുമായ ജനങ്ങളുടെ അടുത്തുനിന്ന്, അടുത്തും അകലെയുമുള്ളവർ ഭയപ്പെടുന്ന ജനങ്ങളുടെ അടുത്തുനിന്ന്; അക്രമകാരികളും വിചിത്രഭാഷസംസാരിക്കുകയും ചെയ്യുന്നവരുടെ അടുത്തുനിന്ന്, നദികളാൽ വിഭജിക്കപ്പെട്ട ദേശത്തു വസിക്കുന്നവരുടെ അടുത്തുനിന്നുതന്നെ, സൈന്യങ്ങളുടെ യഹോവയുടെ നാമം വഹിക്കുന്ന സീയോൻഗിരിയിലേക്ക് അവർ കാഴ്ച കൊണ്ടുവരും.

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.

Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.