
യെശയ്യാവ് 15
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
മോവാബിന്റെ നഗരങ്ങൾ പെട്ടെന്നു വീഴുന്നു; വിലാപം ക്ഷേത്രങ്ങളിൽനിന്നും തെരുവുകളിൽനിന്നും വയലുകളിലേക്കും നീർച്ചാലുകളിലേക്കും പരക്കുന്നു. അഭയാർത്ഥികൾ തങ്ങളുടെ വസ്തുവകകൾ ചുമന്നുപോകുകയും നിലവിളികൾ ദേശത്തുടനീളം മുഴങ്ങുകയും ചെയ്യുമ്പോൾ, ന്യായവിധി സമൂഹത്തിന്റെ അഗാധമായ നഷ്ടത്തിലൂടെ ചിത്രീകരിക്കപ്പെടുന്നു.
വിലാപംന്യായവിധിഅഭയാർത്ഥികൾമോവാബ്
1മോവാബിനെതിരേയുള്ള പ്രവചനം: ഒരു രാത്രികൊണ്ട്, മോവാബിലെ ആർ പട്ടണം ശൂന്യമാക്കപ്പെട്ടു! ഒറ്റ രാത്രികൊണ്ട്, മോവാബിലെ കീർ പട്ടണവും ശൂന്യമാക്കപ്പെട്ടു!
2ദീബോൻ അവരുടെ ആലയത്തിലേക്കു കയറിപ്പോകുന്നു, വിലപിക്കുന്നതിനായി അവരുടെ ക്ഷേത്രങ്ങളിലേക്കുതന്നെ; മോവാബ് നെബോയെയും മെദേബായെയുംപറ്റി വിലപിക്കുന്നു. എല്ലാവരുടെയും തല മൊട്ടയടിച്ചും താടി കത്രിച്ചുമിരിക്കുന്നു.
3തെരുവീഥികളിൽ അവർ ചാക്കുശീലയുടുത്തു നടക്കുന്നു; പുരമുകളിലും ചത്വരങ്ങളിലുമുള്ള എല്ലാവരും വിലപിക്കുന്നു, കരഞ്ഞുകൊണ്ട് അവർ കാൽക്കൽവീഴുന്നു.
4ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു, അവരുടെ ശബ്ദം ദൂരത്ത് യാഹാസുവരെയും കേൾക്കുന്നു. അതിനാൽ മോവാബിലെ ആയുധപാണികൾ ഉച്ചത്തിൽ വിളിക്കുന്നു, അവരുടെ ഹൃദയം ഉള്ളിൽ വിറകൊള്ളുകയുംചെയ്യുന്നു.
5എന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; അവിടത്തെ ജനം സോവാറിലേക്കും എഗ്ലത്ത്-ശെലീശിയായിലേക്കും പലായനംചെയ്യുന്നു. അവർ ലൂഹീത്ത് കയറ്റംവരെ കയറിച്ചെല്ലുന്നു, കരഞ്ഞുകൊണ്ട് അവരുടെ യാത്ര തുടരുന്നു. ഹോരോനയീമിലേക്കുള്ള പാതയിൽ അവർ തങ്ങളുടെ നാശത്തെപ്പറ്റി നിലവിളിക്കുന്നു.
6നിമ്രീമിലെ ജലാശയങ്ങൾ വരണ്ടല്ലോ, പുല്ലു വാടിയുണങ്ങിയും പോയല്ലോ; ഇളംപുല്ലു നശിച്ചുപോയല്ലോ പച്ചയായതൊന്നും ശേഷിച്ചിട്ടുമില്ല.
7തന്മൂലം അവർ സമ്പാദിച്ചു കൂട്ടിവെച്ച സ്വത്ത് അലരിത്തോട്ടിനക്കരയ്ക്ക് അവർ ചുമന്നുകൊണ്ടുപോകുന്നു.
8ദുരിതത്തിന്റെ നിലവിളി മോവാബിനു ചുറ്റും പ്രതിധ്വനിക്കുന്നു; അതിന്റെ അലർച്ച എഗ്ലയീംവരെയും അതിന്റെ വിലാപം ബേർ-ഏലീംവരെയും എത്തിയിരിക്കുന്നു.
9ദീമോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു, എന്നാൽ ഞാൻ ദീമോന്റെമേൽ ഇനിയും അധികം ആപത്തുകൾ വരുത്തും— മോവാബിലെ പലായിതരുടെമേലും ദേശത്തിലെ ശേഷിപ്പിന്മേലും ഞാൻ ഒരു സിംഹത്തെ വരുത്തും.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.