
യെഹെസ്കേൽ 6
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
യിസ്രായേലിന്റെ പർവതങ്ങളെ അഭിസംബോധന ചെയ്ത്, പൂജാഗിരികളും യാഗപീഠങ്ങളും വിഗ്രഹങ്ങളും നശിപ്പിക്കപ്പെടുമെന്നു യെഹെസ്കേൽ പ്രഖ്യാപിക്കുന്നു. എങ്കിലും ചിലർ ജാതികളുടെ ഇടയിൽ അതിജീവിക്കും; തങ്ങളുടെ അവിശ്വസ്തത ദൈവത്തെ എങ്ങനെ ദുഃഖിപ്പിച്ചു എന്ന് ഓർത്ത്, തങ്ങളുടെ പ്രവൃത്തികൾ വെറുത്ത്, മുന്നറിയിപ്പിന്റെ സത്യം അവർ തിരിച്ചറിയും.
വിഗ്രഹാരാധനപൂജാഗിരികൾശേഷിപ്പ്മാനസാന്തരം
1യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
2“മനുഷ്യപുത്രാ, ഇസ്രായേൽ പർവതങ്ങൾക്ക് അഭിമുഖമായിനിന്ന് അവയ്ക്കെതിരേ പ്രവചിക്കുക:
3ഇസ്രായേൽ പർവതങ്ങളേ, യഹോവയായ ദൈവത്തിന്റെ വചനം കേൾക്കുക. യഹോവയായ കർത്താവ് പർവതങ്ങളോടും മലകളോടും നീരൊഴുക്കുകളോടും താഴ്വരകളോടും ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിങ്ങൾക്കെതിരേ ഒരു വാൾ അയയ്ക്കാൻ പോകുന്നു. ഞാൻ നിങ്ങളുടെ ക്ഷേത്രങ്ങൾ നശിപ്പിക്കും.
4നിങ്ങളുടെ ബലിപീഠങ്ങൾ നശിപ്പിക്കും; നിങ്ങളുടെ ധൂപപീഠങ്ങൾ തകർക്കും. നിങ്ങളുടെ വിഗ്രഹങ്ങൾക്കു മുമ്പിൽ നിങ്ങളുടെ ജനത്തെ ഞാൻ അരിഞ്ഞുവീഴ്ത്തും.
5അവരുടെ വിഗ്രഹങ്ങൾക്കു മുമ്പിൽ ഇസ്രായേൽമക്കളുടെ ശവങ്ങൾ ഞാൻ വീഴിക്കും. നിങ്ങളുടെ അസ്ഥികൾ നിങ്ങളുടെ ബലിപീഠങ്ങൾക്കുമുമ്പിൽ ഞാൻ ചിതറിക്കും.
6നിങ്ങൾ എവിടെപ്പാർത്താലും ആ പട്ടണങ്ങൾ നശിപ്പിക്കപ്പെടുകയും ക്ഷേത്രങ്ങൾ തകർക്കപ്പെടുകയും ചെയ്യും. അങ്ങനെ നിങ്ങളുടെ ബലിപീഠങ്ങൾ നശിപ്പിക്കപ്പെട്ട് ഉപയോഗശൂന്യമായിത്തീരുകയും നിങ്ങളുടെ വിഗ്രഹങ്ങൾ തകർത്ത് തരിപ്പണമാക്കപ്പെടുകയും നിങ്ങളുടെ ധൂപപീഠങ്ങൾ ഉടയ്ക്കപ്പെടുകയും നിങ്ങൾ നിർമിച്ചതൊക്കെയും തുടച്ചുനീക്കപ്പെടുകയും ചെയ്യും.
7നിങ്ങളുടെ ജനം നിങ്ങളുടെ മധ്യേതന്നെ വധിക്കപ്പെടും, അങ്ങനെ നിങ്ങൾ, ഞാൻ യഹോവ ആകുന്നു എന്ന് അറിയും.
8“ ‘എങ്കിലും ലോകത്തിലെ വിവിധ ദേശങ്ങളിലേക്കും ജനതകളിലേക്കും നിങ്ങൾ ചിതറിപ്പോകുമ്പോൾ, വാളിന്റെ വായ്ത്തലയിൽനിന്ന് രക്ഷപ്പെട്ട ചിലരെ ഞാൻ അവശേഷിപ്പിക്കും.
9അപ്പോൾ അവർ തങ്ങളെ ബന്ധിതരായി കൊണ്ടുപോയിരിക്കുന്ന ദേശങ്ങളിൽവെച്ച് രക്ഷപ്പെട്ടവരായ ജനം എന്നെവിട്ടു പിന്മാറിപ്പോയി വ്യഭിചാരംചെയ്യുന്ന അവരുടെ ഹൃദയങ്ങൾകൊണ്ടും തങ്ങളുടെ വിഗ്രഹങ്ങളെ കണ്ണുകളാൽ മോഹിച്ചതുകൊണ്ടും അവർ എന്നെ എത്രയധികം ദുഃഖിതനാക്കിയെന്നും ഓർക്കും. തങ്ങൾചെയ്ത തിന്മകളോർത്തും തങ്ങളുടെ മ്ലേച്ഛതകൾ ചിന്തിച്ചും അവർ തങ്ങളെത്തന്നെ വെറുക്കും.
10അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും; ഈ അനർഥം അവരുടെമേൽ വരുത്തുമെന്നു ഞാൻ വെറുതേയല്ല അരുളിച്ചെയ്തിട്ടുള്ളത്.
11“ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽജനത്തിന്റെ സകലദുഷ്ടതയും അറപ്പുളവാക്കുന്ന പ്രവൃത്തികളുംനിമിത്തം നിങ്ങളുടെ കൈകളടിച്ചും കാൽകൾ ചവിട്ടിയും “അയ്യോ, കഷ്ടം!” എന്നു പറയുക. അവർ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വീഴും.
12ദൂരത്തുള്ളവർ മഹാമാരിയാൽ മരിക്കും സമീപത്തുള്ളവൻ വാളാൽ വീഴും; ശേഷിച്ചിരിക്കുന്നവരും രക്ഷപ്പെട്ടവരും ക്ഷാമംകൊണ്ടു മരിക്കും. അങ്ങനെ ഞാൻ എന്റെ ക്രോധം അവരുടെമേൽ ചൊരിയും.
13എല്ലാ ഉയർന്ന കുന്നുകളിലും എല്ലാ പർവതശിഖരങ്ങളിലും എല്ലാ ഇലതൂർന്ന മരത്തിൻകീഴിലും തഴച്ചുവളരുന്ന എല്ലാ കരുവേലകത്തിൻകീഴിലും അവർ തങ്ങളുടെ സകലവിഗ്രഹങ്ങൾക്കും സുഗന്ധധൂപം അർപ്പിച്ചല്ലോ. അവിടെ അവരുടെ വിഗ്രഹങ്ങൾക്കിടയിൽ ബലിപീഠങ്ങൾക്കു ചുറ്റുമായി അവരുടെ ജനം വധിക്കപ്പെട്ടു കിടക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.
14അവരുടെ എല്ലാ വാസസ്ഥലങ്ങളിലും ഞാൻ അവർക്കെതിരായി കൈനീട്ടി ദേശത്തെ ദിബ്ലാ മരുഭൂമിയെക്കാൾ നിർജനവും ശൂന്യവുമാക്കും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.