
സഭാപ്രസംഗി 11
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
ആപത്തു പ്രവചിക്കാൻ കഴിയാത്തതിനാൽ ഉദാരമായി കൊടുക്കുകയും ജ്ഞാനപൂർവ്വം പലതിലായി വിഭജിക്കുകയും ചെയ്യുക. അനുകൂലസാഹചര്യങ്ങൾക്കായി കാത്തിരിക്കുന്നവർ ഒരിക്കലും വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യില്ല; അതിനാൽ രാവിലെയും വൈകുന്നേരവും വിശ്വസ്തതയോടെ വേല ചെയ്യുക. വെളിച്ചവും യൗവനവും സന്തോഷകരമായ ദാനങ്ങളാണ്; എന്നാൽ ഓരോ കാലവും ദൈവത്തിന്റെ മുമ്പിലുള്ള ഉത്തരവാദിത്വത്തോടെ ജീവിക്കണം.
ഉദാരതഅനിശ്ചിതത്വംഉത്സാഹംസന്തോഷംഉത്തരവാദിത്വം
1നിന്റെ ധാന്യം സമുദ്രമാർഗം കയറ്റിയയയ്ക്കുക; വളരെ നാളുകൾക്കുശേഷം അതിൽനിന്നുള്ള ലാഭം നിന്നിലേക്ക് ഒഴുകിയെത്തും.
2നിനക്കുള്ളത് ഏഴോ എട്ടോ ആയി വിഭജിച്ച് നിക്ഷേപിക്കുക; എന്തു ദുരന്തമാണ് ദേശത്ത് വരുന്നതെന്ന് നീ അറിയുന്നില്ലല്ലോ.
3മേഘങ്ങളിൽ ജലകണികകൾ നിറഞ്ഞാൽ, അവ ഭൂമിയിലേക്കു പെയ്തിറങ്ങും. ഒരു വൃക്ഷം വീഴുന്നത് തെക്കോട്ടായാലും വടക്കോട്ടായാലും, അതു വീഴുന്നത് എവിടെയോ അവിടെത്തന്നെ കിടക്കും.
4കാറ്റിനെ നിരീക്ഷിക്കുന്നവർ വിതയ്ക്കുകയില്ല; മേഘങ്ങളെ നോക്കുന്നവർ കൊയ്യുകയുമില്ല.
5കാറ്റിന്റെ ഗതി നിനക്ക് അജ്ഞാതമായിരിക്കുന്നതുപോലെ, ശരീരം അമ്മയുടെ ഗർഭത്തിൽ ഉരുവാകുന്നത് എങ്ങനെയെന്നും നീ അറിയുന്നില്ലല്ലോ, അതുകൊണ്ട്, സകലതും ഉണ്ടാക്കിയ ദൈവത്തിന്റെ പ്രവൃത്തിയും നിനക്കു മനസ്സിലാക്കാൻ കഴിയുകയില്ല.
6പ്രഭാതത്തിൽ നിന്റെ വിത്തു വിതയ്ക്കുക, സായാഹ്നത്തിൽ നിന്റെ കരങ്ങൾ അലസവും ആകരുത്, കാരണം ഇതോ അതോ ഏതു സഫലമാകുമെന്നോ അല്ലെങ്കിൽ രണ്ടും ഒരുപോലെ നന്നായിരിക്കുമെന്നോ നിനക്ക് അറിയില്ലല്ലോ.
7പ്രകാശം മധുരമാകുന്നു. സൂര്യനെ കാണുന്നതു കണ്ണുകൾക്ക് ഇമ്പകരമാകുന്നു.
8ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്നകാലത്തോളം അവയെല്ലാം ആസ്വദിക്കട്ടെ. എന്നാൽ അന്ധകാരത്തിന്റെ നാളുകൾ അവർ ഓർക്കട്ടെ കാരണം അവ ഏറെയാണല്ലോ. വരാനുള്ളതെല്ലാം അർഥശൂന്യമാണ്.
9യുവാക്കളേ, നിങ്ങളുടെ യുവത്വത്തിൽ സന്തുഷ്ടരായിരിക്കുക. യൗവനനാളുകൾ നിങ്ങളുടെ ഹൃദയത്തിന് ആനന്ദം നൽകട്ടെ. നിന്റെ ഹൃദയത്തിന്റെ ആലോചനയെയും നിന്റെ കണ്ണുകൾ കാണുന്നതിനെയും പിൻതുടരുക. എന്നാൽ ഇവയെല്ലാംനിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിനു കൊണ്ടുവരുമെന്ന് നീ അറിയുക.
10അതിനാൽ നിന്റെ ഹൃദയത്തിൽനിന്ന് ഉത്കണ്ഠ ഉന്മൂലനംചെയ്യുകയും നിന്റെ ശരീരത്തിലെ പ്രയാസങ്ങൾ വലിച്ചെറിയുകയുംചെയ്യുക, കാരണം യൗവനവും അതിന്റെ ഊർജ്ജസ്വലതയും അർഥശൂന്യമല്ലോ.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.