
ആമോസ് 7
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
വെട്ടുക്കിളികളെയും ദഹിപ്പിക്കുന്ന തീയെയും ആമോസ് കാണുന്നു; അവന്റെ മധ്യസ്ഥത കരുണ കൊണ്ടുവരുന്നു. മൂന്നാമത്തെ ദർശനം യിസ്രായേലിനു നേരെ ഒരു തൂക്കുകട്ട വെക്കുന്നു; ന്യായവിധി ഇനി കടന്നുപോകുകയില്ലെന്ന് അതു സൂചിപ്പിക്കുന്നു. ബേഥേലിൽ പുരോഹിതനായ അമസ്യാവ് ആമോസിനെ കുറ്റപ്പെടുത്തി പോകാൻ കൽപ്പിക്കുന്നു; എന്നാൽ ഇടയനായ പ്രവാചകൻ തന്റെ നിയോഗം വീണ്ടും ഉറപ്പിക്കുന്നു.
ദർശനങ്ങൾമധ്യസ്ഥതതൂക്കുകട്ടപ്രവാചകവിളി
1യഹോവയായ കർത്താവ് ഇതാണ് എന്നെ കാണിച്ചത്: രാജാവിന്റെ ഓഹരിയായ ആദ്യവിളവ് എടുത്തശേഷം, രണ്ടാമത്തെ വിളവ് വളർന്നുവരുന്ന സമയം, അവിടന്നു വെട്ടുക്കിളിക്കൂട്ടങ്ങളെ ഒരുക്കുകയായിരുന്നു.
2അവ ദേശം തിന്നുവെളുപ്പിച്ചപ്പോൾ, ഞാൻ നിലവിളിച്ചു: “യഹോവയായ കർത്താവേ, ക്ഷമിക്കണമേ! ഇതിനെ അതിജീവിക്കാൻ യാക്കോബിന് എങ്ങനെ കഴിയും? അവൻ ചെറിയവനല്ലയോ?”
3യഹോവ അതുകൊണ്ടു വിധിമാറ്റി. “ഇതു സംഭവിക്കുകയില്ല,” യഹോവ കൽപ്പിച്ചു.
4യഹോവയായ കർത്താവ് എന്നെ കാണിച്ചത് ഇതാണ്: “യഹോവയായ കർത്താവ് അഗ്നിയാലുള്ള ന്യായവിധി കൽപ്പിക്കുകയായിരുന്നു; അതു വലിയ ആഴിയെ ഉണക്കിക്കളയുകയും ദേശത്തെ വിഴുങ്ങിക്കളയുകയും ചെയ്തു.”
5അപ്പോൾ ഞാൻ നിലവിളിച്ചു: “യഹോവയായ കർത്താവേ, ഇതു നിർത്തണമേ എന്നു ഞാൻ യാചിക്കുന്നു! ഇതിനെ അതിജീവിക്കാൻ യാക്കോബിന് എങ്ങനെ കഴിയും? അവൻ ചെറിയവനല്ലയോ?”
6യഹോവ അതുകൊണ്ടു വിധിമാറ്റി. “ഇതു സംഭവിക്കുകയില്ല,” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്തു.
7അവിടന്ന് എന്നെ കാണിച്ചത് ഇതാണ്: തൂക്കുകട്ട ഉപയോഗിച്ചു കെട്ടിപ്പൊക്കിയ ഒരു ഭിത്തിക്കു സമീപം, ഒരു തൂക്കുകട്ട കൈയിൽ പിടിച്ചുകൊണ്ട് കർത്താവ് നിൽക്കുകയായിരുന്നു.
8യഹോവ എന്നോടു ചോദിച്ചു: “ആമോസേ, നീ എന്തു കാണുന്നു?” “ഒരു തൂക്കുകട്ട,” എന്നു ഞാൻ മറുപടി പറഞ്ഞു. അപ്പോൾ കർത്താവ് അരുളിച്ചെയ്തു: “നോക്കുക, എന്റെ ജനമായ ഇസ്രായേലിന്മേൽ ഞാൻ ഒരു തൂക്കുകട്ട പിടിക്കുന്നു; ഇനി ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല.
9“യിസ്ഹാക്കിന്റെ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടും, ഇസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യമായിത്തീരും; യൊരോബെയാമിന്റെ ഗൃഹത്തിനു വിരോധമായി ഞാൻ എന്റെ വാളുമായി എഴുന്നേൽക്കും.”
10ബേഥേലിലെ പുരോഹിതനായ അമസ്യാവ്, ഇസ്രായേൽരാജാവായ യൊരോബെയാമിന് ഒരു സന്ദേശം കൊടുത്തയച്ചു. “ഇസ്രായേൽജനത്തിന്റെ മധ്യേ ആമോസ്, രാജാവിനു വിരോധമായി ഗൂഢാലോചന നടത്തുന്നു. ദേശത്തിന് അദ്ദേഹത്തിന്റെ വാക്കുകൾ വഹിക്കാൻ കഴിയുന്നതല്ല.
11ആമോസ് പറയുന്നത് ഇതാണ്: “ ‘യൊരോബെയാം വാൾകൊണ്ടു കൊല്ലപ്പെടും, ഇസ്രായേൽ നിശ്ചയമായും സ്വന്തം ദേശംവിട്ട് പ്രവാസത്തിലേക്കു പോകും.’ ”
12അപ്പോൾ അമസ്യാവ് ആമോസിനോടു പറഞ്ഞു: “ദർശകാ, പുറത്തുപോകൂ! യെഹൂദാദേശത്തിലേക്കു മടങ്ങിപ്പോകുക. അവിടെ പ്രവചിച്ച് ഉപജീവനം കഴിക്കുക.
13ബേഥേലിൽ ഇനി പ്രവചിക്കരുത്, അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജ്യത്തിന്റെ രാജധാനിയുമാണ്.”
14ആമോസ് അമസ്യാവിനോടു പറഞ്ഞു: “ഞാൻ ഒരു പ്രവാചകനോ പ്രവാചകന്റെ പുത്രനോ അല്ല; ഞാൻ ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും ആയിരുന്നു.
15എന്നാൽ ആടുകളെ മേയിക്കുന്നവരിൽനിന്ന് യഹോവ എന്നെ തെരഞ്ഞെടുത്തു: ‘പോയി, എന്റെ ജനമായ ഇസ്രായേലിനോടു പ്രവചിക്കുക’ എന്നു കൽപ്പിച്ചു.
16ഇപ്പോൾ യഹോവയുടെ വചനം കേൾക്കുക: “ ‘ഇസ്രായേലിനു വിരോധമായി പ്രവചിക്കരുത്, യിസ്ഹാക്കുഗൃഹത്തിനു വിരോധമായി പ്രസംഗിക്കുന്നതു നിർത്തുക,’ എന്നു താങ്കൾ പറയുന്നു.
17“അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും, നിന്റെ പുത്രന്മാരും പുത്രിമാരും വാളിനാൽ വീഴും. നിന്റെ ദേശം അളന്നു വിഭജിക്കപ്പെടും നീ യെഹൂദേതരരുടെ ദേശത്തുവെച്ചു മരിക്കും. ഇസ്രായേൽ നിശ്ചയമായി സ്വന്തം ദേശംവിട്ടു പ്രവാസത്തിലേക്കു പോകും.’ ”
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.